കെഎസ്ആർടിസിയിൽ നിർണായക ഇടപെടലിന് സുപ്രീം കോടതി; വിരമിക്കൽ ആനുകൂല്യ വിതരണത്തിന് മേൽനോട്ടം വഹിക്കും

Share our post

ന്യൂഡൽഹി: കെഎസ്ആർടിസിയിൽ ഗ്രാറ്റുവിറ്റി ഉൾപ്പടെയുള്ള വിരമിക്കൽ ആനുകൂല്യങ്ങളുടെ വിതരണത്തിൽ മേൽനോട്ടം വഹിക്കുമെന്ന് സുപ്രീം കോടതി. സീനിയോറിറ്റി ഉൾപ്പടെ പാലിക്കുന്നുണ്ടോ എന്ന വിഷയത്തിലാണ് മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ നഷ്ടം സഹിച്ചും കെഎസ്ആർടിസി എന്തിന് പ്രവർത്തിക്കുന്നുവെന്നും സുപ്രീം കോടതി ആരാഞ്ഞു.

41355 പെൻഷൻകാരാണ് തങ്ങൾക്കുള്ളത് എന്നാണ് കെഎസ്ആർടിസിയുടെ വാദം. 16000 കോടിയുടെ ബാധ്യതയ്ക്ക് പുറമെ പ്രതിവർഷം 1500 കോടിയുടെ നഷ്ടം ഉണ്ടെന്നും കെഎസ്ആർടിസി ചൂണ്ടിക്കാട്ടുന്നു. ഈ സഹചര്യത്തിലാണ് വിരമിക്കൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വീഴ്ചയുണ്ടാകുന്നത് എന്നാണ് കെഎസ്ആർടിസിയുടെ വാദം. എന്നാൽ, വിതരണത്തിലെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നതിൽ മേൽനോട്ടം വഹിക്കുമെന്ന് ജസ്റ്റിസ്മാരായ ദിപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ച് അറിയിച്ചു.

2024-ൽ വെഹിക്കിൾ ഇൻസ്‌പെക്ടറായി വിരമിച്ച പ്രദീപ് ഡി.നായർക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം. പ്രദീപ് ഡി.നായർക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചത്.

നഷ്ടത്തിൽ ആണെന്ന കാരണത്താൽ വിരമിക്കൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നില്ലെന്ന കെഎസ്ആർടിസിയുടെ വാദത്തോട് സുപ്രീം കോടതി വിയോജിച്ചു. നഷ്ടം സഹിച്ച് കെഎസ്ആർടിസി എന്തിന് പ്രവർത്തിക്കുന്നുവെന്ന് സുപ്രീം കോടതി ആരാഞ്ഞു. സർക്കാർ സ്ഥാപനം നഷ്ടത്തിൽ പ്രവർത്തിക്കുമ്പോൾ അതേ മേഖലയിലുള്ള സ്വകാര്യ സ്ഥാപനങ്ങൾ ലാഭത്തിൽ അല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. സാമൂഹിക പ്രതിബന്ധത ഉൾപ്പടെ പാലിക്കുന്നത് കൊണ്ടാണ് നഷ്ടം ഉണ്ടാകുന്നതെന്ന് കെഎസ്ആർടിസിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകരായ ആബിദ് അലി ബീരാൻ, പ്രണവ് കൃഷ്ണ എന്നിവർ ചൂണ്ടിക്കാട്ടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!