35 കോടി രൂപ ചെലവിൽ പുതിയ മാഹിപ്പാലം വരും; പ്രഖ്യാപനം നടത്തിയത് ലഫ്. ഗവർണർ

Share our post

മാഹി ∙ മാഹിപ്പാലത്തിനു സമാന്തരമായി 35 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കുമെന്ന് പുതുച്ചേരി ലഫ്.ഗവർണർ കെ.കൈലാസ്നാഥൻ പറഞ്ഞു. മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യുന്ന ചടങ്ങിലാണ് ഗവർണർ പ്രഖ്യാപനം നടത്തിയത്. പള്ളൂരിൽ നടന്ന ചടങ്ങിൽ 919 ലാപ്ടോപ്പുകൾ വിതരണം ചെയ്തു. സ്വാതന്ത്ര്യസമര സേനാനി കെ.ബാലനെ ഗവർണർ പൊന്നാടയണിയിച്ച് ആദരിച്ചു.

സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള പുതുച്ചേരി സർക്കാരിന്റെ ഉപഹാരങ്ങളും വിതരണം ചെയ്തു. വനിതാ ശിശു വികസന വകുപ്പിന്റെ വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. രാജ്യാന്തര വനിതാദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവും ഗവർണർ വിതരണം ചെയ്തു. മാഹി ഫിഷിങ് ഹാർബർ കേന്ദ്ര സഹായത്തോടെ 70 കോടി രൂപ എസ്റ്റിമേറ്റിൽ നവീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും 30 കോടി രൂപ ഉടൻ ലഭ്യമാക്കുമെന്നും ഗവർണർ പറഞ്ഞു.

പന്തക്കൽ ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് 10 കോടി രൂപ ചെലവിൽ സ്റ്റേഡിയമാക്കി മാറ്റാൻ നടപടി സ്വീകരിച്ചതായും ഗവർണർ വിശദീകരിച്ചു. കല്ലായി പന്തക്കൽ റോഡ്, പാറാൽ ചൊക്ലി റോഡ് എന്നിവയുടെ വീതികൂട്ടാനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടി നടന്നുവരുന്നു. ചടങ്ങിൽ രമേഷ് പറമ്പത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. പുതുച്ചേരി ഫിനാൻസ് സെക്രട്ടറി കൃഷ്ണ മോഹൻ ഉപ്പു, പുതുച്ചേരി വിദ്യാഭ്യാസ ഡയറക്ടർ ശിവകുമാർ , മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ, മാഹി സൂപ്രണ്ട് ഓഫ് പൊലീസ് വിനയ് കുമാർ ഗാഡ്ഗേ, പുതുച്ചേരി വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ, ശിവകാമി, മാഹി വിദ്യാഭ്യാസ മേലധ്യക്ഷ എം.എം.തനൂജ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!