‘ഒന്നല്ല ഒരായിരം പ്രണയങ്ങളുണ്ട്, തന്‍റെ ശത്രുക്കള്‍ വീട്ടിൽ തന്നെ’: ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രി
കൊട്ടാരക്കര: തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാണെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ ഇത്തരം കഥകള്‍ക്ക് പ്രാധാന്യമില്ലെന്നും ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും മന്ത്രി പ്രതികരിച്ചു. ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ്. ഗണേഷ് കുമാറിന് ഒന്നല്ല ഒരായിരം പ്രണയങ്ങളുണ്ടെന്നും തനിക്ക് എപ്പോഴും വീട്ടില്‍ തന്നെയാണ് ശത്രുക്കളെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന മറ്റ് ആരോപണങ്ങളും മന്ത്രി തള്ളിയിട്ടുണ്ട്. ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്ത് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അത്ര അധഃപതനം തനിക്കില്ലെന്നും ആരോപണങ്ങള്‍ ശരിയാണെങ്കിലും തെറ്റാണെങ്കിലും തള്ളിക്കളയുന്നുവെന്നും കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്റെ വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ ഭൂരിഭക്ഷം കൂട്ടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം മേയര്‍ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് ആര്‍ ശ്രീലേഖ തീര്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ ശ്രീലേഖ ആരാണെന്നും മന്ത്രി ചോദിച്ചു. ആരോപണം ഉന്നയിക്കുന്നവര്‍ ആസ്വദിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണം ഉന്നയിക്കുന്നത് ഒരു രോഗമാണ്. നന്മ ചെയ്തിട്ടുണ്ടെങ്കില്‍ ജനം ജയിപ്പിക്കുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ സംഘടനയിലെ പദവി രാജിവയ്ക്കുമെന്നും സുകുമാരന്‍ നായരുടെ കാലം മുഴുവന്‍ അദ്ദേഹത്തിന്റെ നിഴല്‍പോലെ നില്‍ക്കണമെന്ന് അച്ഛന്‍ പറഞ്ഞതിനാൽ അതനുസരിക്കുമെന്നു മന്ത്രി പറഞ്ഞു. പത്തനാപുരം എന്‍എസ്എസ് താലൂക്കിനെ നിയന്ത്രിക്കുന്നത് ജനറല്‍ സെക്രട്ടറി തന്നെയാണ്, താന്‍ കസേരയില്‍ ഇരിക്കുന്നു എന്ന് മാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
