വിസ തട്ടിപ്പ്; രണ്ട് കേസുകളിലായി നിർമാതാവ് ജോബി ജോർജിന് നാലു വർഷം തടവും പിഴയും
മൂവാറ്റുപുഴ: വിസ തട്ടിപ്പുകേസിൽ നിർമാതാവ് ജോബി ജോർജിന് നാലു വർഷം തടവുശിക്ഷ വിധിച്ച് എറണാകുളം അഡീഷണൽ സെഷൻസ് കോടതി . രണ്ട് കേസുകളിലായാണ് ശിക്ഷാവിധി. പിഴയായി 66.5ലക്ഷം രൂപ അടയ്ക്കുകയും വേണം. യുകെയിൽ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികൾ എന്നിവരുടെ പരാതികളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജോബി ജോർജിനെ ശിക്ഷിച്ചത്. പിഎംഎൽഎ കേസുകൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി. തുടക്കം മുതൽ തന്നെ പരാതിക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്നാണ് ശിക്ഷാവിധിയിൽ സെഷൻസ് കോടതിയുടെ നിരീക്ഷണം
തുടർന്നാണ് രണ്ട് കേസുകളിലും രണ്ട് വർഷം വീതം തടവിന് ശിക്ഷിച്ചത്. നിരീക്ഷണത്തോടെയാണ് രണ്ടുവർഷം തടവിന് കോടതി ശിക്ഷിച്ചത്. കേസിൽ ജോബി ജോർജ്ജിന്റെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. യുകെയിലേക്കുള്ള വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി 2011 ൽ രണ്ടുതവണയായി 50 ലക്ഷം രൂപയാണ് രാജേഷ് മാത്യുവിൽ നിന്ന് ജോബി കൈപ്പറ്റിയത്. വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012 ൽ പണം തിരികെ നൽകുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും മടങ്ങി. തുടർന്നാണ് മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു പരാതി നൽകിയത്. ഈ കേസിൽ 50ലക്ഷം പിഴ നൽകണം. ഇത് പരാതിക്കാരന് നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
യുകെയിൽ ബിസിനസ് പങ്കാളിത്തവും, സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്താണ് മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്, ഭാര്യ ഡാർലി ബിജു എന്നിവരിൽ നിന്നും ജോബി ലക്ഷങ്ങൾ തട്ടിയത്. ലണ്ടനിലെ ന്യൂകാസിലിൽ ഒരു ‘ഓഫ് – ലൈസൻസ്’ ഷോപ്പിൽ പങ്കാളിത്തം നൽകാമെന്നും, ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളേജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ ശരിയാക്കി നൽകാമെന്നുമായിരുന്നു വാഗ്ദാനം
എന്നാൽ യുകെയിലെത്തിയതോടെയാണ് തട്ടിപ്പ് ദമ്പതികൾക്ക് മനസ്സിലായത്. ഇതോടെ പണം തിരികെ ചോദിച്ചപ്പോൾ ജോബി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു പരാതിക്കാർ പൊലീസിന് നൽകിയ മൊഴി. കേസിൽ ജോബിയെ രണ്ടുവർഷം തടവിന് ശിക്ഷിച്ച കോടതി, 16.52 ലക്ഷം പിഴയടക്കാനും ഉത്തരവിട്ടു. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസിലെ വിചാരണ നടപടികൾ. എന്നാൽ കേസ് ഇഡി അന്വേഷിക്കുന്ന സാഹചര്യത്തിലാണ് വിചാരണ പിഎംഎൽഎ കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ശിക്ഷാവിധി നടപ്പാക്കുന്നതിന് ഒരു മാസത്തെ സ്റ്റേ വിചാരണക്കോടതി നൽകിയിട്ടുണ്ട്.
