സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയാൽ ആദ്യമാസം കെഎസ്ആർടിസി പൂട്ടിക്കെട്ടും: മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് വാഗ്ദാനം നടപ്പിലായാൽ ആദ്യമാസം തന്നെ കെഎസ്ആർടിസി പൂട്ടിക്കെട്ടുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ പല വാഗ്ദാനങ്ങളും യുഡിഎഫ് നടത്തും. അവരുടെ പ്രകടനപത്രികയിലെ 90% കാര്യങ്ങളും നടന്നിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു
കെഎസ്ആർടിസി വലിയ പ്രതിസന്ധിയിലായിരുന്നു. നിലവിൽ സർക്കാർ സഹായത്തോടെയാണ് നിലനിൽക്കുന്നത്. സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയാൽ 50കോടി രൂപ കൂടി സർക്കാർ അധികതുക നൽകേണ്ടി വരുമെന്നും ഇതൊന്നും മനസിലാക്കാതെ ഡൽഹിയിൽ നിന്നും വരുന്നവർക്ക് പലതും പറയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ കോർപ്പറേഷൻ ഒന്ന് പച്ചപിടിച്ചു വരികയാണ്. കെഎസ്ആർടിസി പൂട്ടിയാൽ വഴിയാധാരമാകാൻ പോകുന്നത് കെഎസ്ആർടിസി ജീവനക്കാരാണ്. ഇത് പ്രൈവറ്റ് ബസുകളെ സഹായിക്കാൻ മാത്രമേ ഉതകൂ. പണം ജനങ്ങളുടേതാണ് അത് നഷ്ടപ്പെടുത്താതെ നോക്കേണ്ട കാവൽക്കാരാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. മുമ്പ് കർണാടകയിൽ ഈ വാഗ്ദാനം നടപ്പിൽ വരുത്തിയതോടെ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ പ്രതിസന്ധിയിലായെന്ന കാര്യവും മന്ത്രി ഓർമിപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിച്ച പുതുയുഗ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കേരള ജനതയ്ക്ക് വേണ്ടി അഞ്ച് ക്ഷേമകാര്യ ‘ഗ്യാരന്റി’കള്‍ പ്രഖ്യാപിച്ചത്. ഇതിലാണ് കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്
അതേസമയം പിങ്ക് ബസിനെ കുറിച്ചുള്ള ആലോചനയുണ്ടെന്നും പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം ഇതിന്റെ സേവനം എത്തിക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. യുഎൻഎൻ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുക.
