ബാങ്ക് അക്കൗണ്ട് തട്ടിപ്പുകേസിൽ മൂന്നുപ്രതികൾ പിടിയിൽ
പാങ്ങോട് : സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ചെക്ക് ബുക്ക് ഉപയോഗിച്ച് പണം പിൻവലിച്ച് അജ്ഞാതസംഘത്തിനു കൈമാറിയിരുന്ന സംഘത്തിലെ മൂന്നുപേരെ പാങ്ങോട് പോലീസ് അറസ്റ്റുചെയ്തു. സംഘത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തിരുന്ന ഒരാൾ ഒളിവിൽ. കല്ലറ മരുതമൺ അൽഅമീൻ മൻസിലിൽ അൽഅമീൻ(34), ഭരതന്നൂർ മൈലമൂട് വേലൻമുക്ക് ഷാൻജി ഭവനിൽ ഷാൻജി(34), കല്ലറ പാട്ടറ വണ്ടിത്തടം ഷഹീനാ മൻസിലിൽ വാടകയ്ക്കു താമസിക്കുന്ന സജിൻ(26) എന്നിവരെയാണ് പാങ്ങോട് പോലീസ് അറസ്റ്റുചെയ്തത്. ഇവർക്ക് സഹായങ്ങൾ ചെയ്തിരുന്ന കല്ലറ കോട്ടൂർ സ്വദേശി സിദ്ദീഖ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
പ്രതികൾക്ക്് സംസ്ഥാനത്തെ വിവിധ ബാങ്കുകളിൽ അക്കൗണ്ടുണ്ട്. ഇവരുടെ അക്കൗണ്ട് ബുക്ക്, എ.ടി.എം. കാർഡ്, ചെക്ക് ബുക്ക് തുടങ്ങിയവ അജ്ഞാതസംഘമാണ് കൈകാര്യം ചെയ്യുന്നത്. പിന്നീട് അജ്ഞാതകേന്ദ്രങ്ങളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തും. ഈ പണം പ്രതികളുടെ ചെക്ക് ഉപയോഗിച്ച് സംഘം പിൻവലിക്കും. ഇതിന് പ്രതിഫലമായി വൻ തുക കമ്മീഷനായി ലഭിക്കും.
അൽ അമീൻ തന്റെ എറണാകുളം കളമശ്ശേരി ഫെഡറൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിലെ ചെക്ക് ഉപയോഗിച്ച് കല്ലറ ശാഖയിൽനിന്ന് കഴിഞ്ഞ ഫെബ്രുവരി അഞ്ചുമുതൽ 15 വരെ രണ്ടുലക്ഷം രൂപ പിൻവലിച്ചിരുന്നു. ഷാൻജി പാലോട് ഗ്രാമീൺ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽനിന്ന് 2025 സെപ്റ്റംബർ 15-നും 2025 ഡിസംബർ അഞ്ചിനുമിടയിൽ ഏഴുലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ പിൻവലിച്ചു. സജിന്റെ കണിയാപുരം ഐ.ഒ.ബി. ശാഖയിലെ അക്കൗണ്ടിൽനിന്ന് ഒരുലക്ഷത്തി എഴുപത്തി ഏഴായിരം രൂപ പിൻവലിച്ചിരുന്നു.
ജില്ലയിൽ മറ്റുള്ളവർക്കായി അക്കൗണ്ട് (മ്യൂൾ അക്കൗണ്ട്) തുടങ്ങി പണം കൈപ്പറ്റുന്ന സംഘത്തെക്കുറിച്ച് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സൈബർ പോലീസ് നൽകിയ വിവരത്തെത്തുടർന്നാണ് പാങ്ങോട് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
