അതിജീവന നഗരത്തിൽ മഹാനടനെത്തി; മുണ്ടക്കൈ ടൗൺഷിപ് സന്ദർശിച്ച് മമ്മൂട്ടി
കൽപ്പറ്റ: മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് സന്ദർശിച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ടൗൺഷിപ്പിലെ 178 വീടുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം താക്കോൽ കൈമാറിയിരുന്നു. ഒന്നാം സോണിൽ മുഖ്യമന്ത്രി കയറിയ 26-ാം നമ്പർ വീട് മമ്മൂട്ടി സന്ദർശിച്ചു. പടിഞ്ഞാറയിലെ ഷൂട്ടിങ് സെറ്റിൽനിന്നാണ് മമ്മൂട്ടി എത്തിയത്.
കേരളത്തിന്റെ സാമൂഹ്യ മൂലധനമാണ് ടൗൺഷിപിൽ കാണാനായതെന്ന് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. “ഭക്ഷണം, വസ്ത്രം, പാർപ്പിടം ഇതാണ് നമുക്ക് പ്രാഥമികമായി ആവശ്യമുള്ളത്. ഒരു ജനതയാകെ സംഭാവന ചെയ്ത് നിർമിച്ചതാണ്. ജനങ്ങളുടെ മനസാണ് ഇവിടെ കാണാനാകുന്നത്.”- മമ്മൂട്ടി പറഞ്ഞു.
64.47 ഹെക്‌ടറിൽ 410 വീടാണ് നിർമിക്കുന്നത്. ആരോഗ്യകേന്ദ്രം, അങ്കണവാടി, കമ്യൂണിറ്റി സെന്റർ, പൊതുമാർക്കറ്റ്, ഉരുൾ സ്‌മാരകം, ഓപ്പൺ തിയറ്റർ, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി, കളിയിടങ്ങൾ, വൈദ്യുതി സബ്‌സ്റ്റേഷൻ തുടങ്ങിയവയും നിർമിക്കും. ഉൗരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയുമായുള്ള ഇപിസി (എൻജിനിയറിങ് പ്രൊക്യുയർമെന്റ് ആൻഡ് കൺസ്‌ട്രക്‌ഷൻ) കരാറിലൂടെ 299 കോടി രൂപയാണ് വിനിയോഗിക്കുന്നത്.
ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്‌ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രി വീട് കൈമാറിയത്. ആയിരം ചതുരശ്രയടിയാണ് വിസ്‌തീർണം. ഏഴ് സെന്റിന്റെ പട്ടയം നൽകി. നിർമാണം തുടങ്ങി 320–ാം ദിനമാണ് ആദ്യഘട്ടം പൂർത്തിയായത്. 2024 ജൂലൈ 29ന് രാത്രി പുഞ്ചിരിമട്ടം പൊട്ടി ഒരു ജനതയാണ് ഒലിച്ചുപോയത്.
