ഓപ്പറേഷൻ സൈ-ഹണ്ട്: കണ്ണൂരിൽ 24 പേർ അറസ്റ്റിൽ ഓൺലൈൻ പ്രതിനിധി
കണ്ണൂർ∙ ഓപ്പറേഷൻ സൈ-ഹണ്ട് 2.0 (Operation Cy- Hunt 2.0) ഭാഗമായി കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ വ്യാപക പരിശോധന നടത്തി. 24 പേരെ അറസ്റ്റ് ചെയ്തു. 14 പേരെ റിമാൻഡ് ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്, സൈബർ തട്ടിപ്പുകൾക്ക് വേണ്ടി അക്കൗണ്ട് എടുത്തു നൽകിയവരെയും ഇത്തരത്തിലുള്ള തട്ടിപ്പിൽപ്പെട്ട പണം എടിഎം വഴിയും ചെക്ക് വഴിയും പിൻവലിച്ചവരെയും കേന്ദ്രീകരിച്ചാണു സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ സൈ-ഹണ്ട് 2.0 എന്ന പേരിൽ പരിശോധന നടത്തിയത്.
കേരള പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ പരിശോധിച്ചതിൽ കേരളത്തിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടുകളെ കേന്ദ്രീകരിച്ചാണു പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി നടത്തിയ സൈ-ഹണ്ട് 2.0 ഓപ്പറേഷനിൽ കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 65 പരിശോധനകൾ നടത്തി. 24 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജിന്റെ നിർദേശപ്രകാരം കണ്ണൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെയും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
സൈബർ തട്ടിപ്പുകൾക്കായി സ്വന്തം അക്കൗണ്ട് നൽകുകയോ മറ്റൊരാൾക്ക് അക്കൗണ്ട് എടുത്തുനൽകുകയോ ചെയ്യുന്നവർക്കെതിരെയും തട്ടിപ്പ് പണം എടിഎം, ചെക്ക് എന്നിവ വഴി പിൻവലിക്കുന്നവർക്കെതിരെയും ഇത്തരം തട്ടിപ്പുകളിൽ കണ്ണികളാകുന്നവർക്കെതിരെയും ഓപ്പറേഷൻ സൈ-ഹണ്ട് നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
ഓപ്പറേഷൻ സൈ ഹണ്ട് 2.0 യിൽ എറണാകുളം റൂറൽ ജില്ലയിൽ 16 പേർ അറസ്റ്റിൽ. 13 പേർ റിമാൻഡിൽ. 36 എഫ്ഐആർ റജിസ്റ്റർ ചെയ്തു. 9 ഡിവൈസുകൾ കണ്ടുകെട്ടി. അറക്കപ്പടി മണ്ണൂപ്പറമ്പിൽ അഫ്സൽ, വെങ്ങോല പട്ടരുമഠം ഇബ്രാഹിം ബാദുഷ, പള്ളിക്കര മംഗലം കുന്നേൽ റെജി, ഏനാനല്ലൂർ പീടിയേക്കൽ ഭസിത് ഷമീർ, പോത്താനിക്കാട് കല്ലറക്കുടിയിൽ ഫെബിൻസ് ബഷീർ, വെള്ളൂർക്കുന്നം പാലക്കാട് പുത്തൻപുരയിൽ നൗഷാദ്, പട്ടാമ്പിയിൽ ഷമീർ, മേക്കടമ്പ് കാളൻ കുടിയിൽ അനന്തു അശോകൻ, മുളവൂർ കൂവക്കാട് ഫരീദുദീൻ, മാറാടി പടിഞ്ഞാറേക്കുടിയിൽ ബിജു, പല്ലാരിമംഗലം അട്ടായം ഷാ മോൻ, ഏനാനല്ലൂർ പൊറ്റക്കണ്ടത്തിൽ മുഹമ്മദ് അജ്മൽ, കല്ലൂർക്കാട് വാകമറ്റത്തിൽ അബിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഒൺലൈൻ സാമ്പത്തിക തട്ടിപ്പു നടത്തിയവർ, ബാങ്ക് അക്കൗണ്ടുകൾ എടുത്തു മറ്റുള്ളവർക്ക് നൽകിയവർ, അക്കൗണ്ടിലേക്ക് വന്ന മറ്റൊരാളുടെ പണം ചെക്ക്, എടിഎം കാർഡ് എന്നിവ ഉപയോഗിച്ച് പിൻവലിച്ചവർ തുടങ്ങിയവരാണ് പിടിയിലായവർ. ലക്ഷങ്ങളുടെ പണമിടപാടാണ് ഇവരുടെ അക്കൗണ്ടിലൂടെ നടന്നിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുകൾ എടുത്ത് കൈമാറ്റം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
