ഗുണങ്ങളറിഞ്ഞാൽ പിന്നെ അവഗണിക്കില്ല; വേനലിൽ ദാഹവും വിശപ്പും അകറ്റാൻ പനനൊങ്ക്

Share our post

വേനൽക്കാലത്തെ ചൂടിനെ തരണംചെയ്യാൻ തണ്ണിമത്തനും കരിക്കും കക്കരിയുമെല്ലാം കഴിക്കുന്നവരാണ് നമ്മളിൽ പലരും. മാങ്ങയും ചക്കയുമെല്ലാം സുലഭമായ വേനൽക്കാലത്ത് ആളുകൾ നൊങ്കും തേടിയെത്താറുണ്ട്.

മിക്കയിടങ്ങളിലും ലഭ്യമല്ലാത്ത നൊങ്ക് പലപ്പോഴായി കടകളിലും വഴിയോരക്കച്ചവടങ്ങളിലും  കണ്ടിട്ടുണ്ടാകും. എന്തെല്ലാമാണീ പഴത്തിന്റെ ഗുണങ്ങളെന്ന് അറിയാമോ? പരിശോധിക്കാം.

എന്താണ് നൊങ്ക്?

പനമരത്തിലാണ് നൊങ്കുണ്ടാകുന്നത്. ഏത് ചൂടിനെയും വരൾച്ചയെയും അതിജീവിക്കാൻ ശേഷിയുള്ള പഴമാണിത്. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക, എന്നിവിടങ്ങളിലെല്ലാം ഇത് കാണപ്പെടുന്നു.

നാളികേരത്തോട് സാമ്യമുള്ള ഈ പഴത്തിന് കട്ടിയുള്ള ഇരുണ്ട പുറന്തോടാണുള്ളത്. ഇതിനകത്ത് വിത്തുകളുടെ അറകൾ പോലുള്ള ഭാഗവും അതിനകത്ത് ജെല്ലി പോലുള്ള മാംസളമായ ഭാഗവും കാണാം. വെളുത്തതോ നേരിയ മഞ്ഞയോ നിറമുള്ള തോടുകൾ അടത്തിമാറ്റിയാണ് നൊങ്കെടുക്കുക. ഇളനീർക്കാമ്പ് കഴിക്കുന്നതുപോലുള്ള രുചിയാണ് ഐസ് ആപ്പിൾ എന്നും അറിയപ്പെടുന്ന നൊങ്കിന്. ദാഹവും വിശപ്പും ശമിപ്പിക്കാൻ നൊങ്ക് ബെസ്റ്റാണ്. മാത്രമല്ല, ശരീരത്തിന് ജലാംശം നൽകുന്നു.

ജലാംശം

നൊങ്കിലെ ജലാംശമാണ് അതിന്റെ ഏറ്റവും സവിശേഷമായ ഗുണങ്ങളിലൊന്ന്. നൊങ്കിന്റെ സ്‌പെഷ്യൽ രുചി അധികമാരും നിരസിക്കാത്ത പഴമായി അതിനെ മാറ്റുന്നു.

പോഷകങ്ങൾ

നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ എ, സി, ഇ, കെ, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയ പഴമാണിത്. ഇത്രയും നേർത്തതും കുറഞ്ഞ കലോറിയുള്ള പഴം പോഷകങ്ങളും പ്രദാനംചെയ്യുന്നു.

തണുപ്പ് നൽകുന്ന പഴം 

നൊങ്ക് തണുപ്പ് നൽകുന്ന പഴമാണെന്നാണ് ആയുർവേദത്തിലും പറയുന്നത്. ശരീരത്തിന്റെ ചൂട്, പിത്തം കുറയ്ക്കുന്ന ഒരു പഴമായി ഇതിനെ കണക്കാക്കുന്നു. നൊങ്കിലെ ഉയർന്ന ജലാംശം, സ്വാഭാവിക ഇലക്ട്രോലൈറ്റുകൾ എന്നിവയയെല്ലാമാണതിന് സഹായിക്കുന്നത്. അസിഡിറ്റി, ചൂടുകുരു, അല്ലെങ്കിൽ വേനൽക്കാലത്തെ നിർജലീകരണം മൂലമുണ്ടാകുന്ന തലവേദന എന്നിവ തടയാൻ നൊങ്ക് കഴിക്കുന്നത് ഗുണം ചെയ്യും.

കലോറി 

ഇതിൽ സ്വാഭാവികമായും കലോറി കുറവാണ്. ഇടവേളകളിലെ ലഘുഭക്ഷണമായി നൊങ്ക് കഴിക്കാം. വയറിന് ഭാരം തോന്നിക്കാതെത്തന്നെ ഈ പഴം വിശപ്പകറ്റുന്നു.

എങ്ങനെ കഴിക്കാം 

നൊങ്ക് അതിന്റെ തോലിൽ നിന്ന് അടർത്തി നേരിട്ട് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്. ചിലർ പാൽ ചേർത്തും മധുരമുള്ള സിറപ്പുകൾ ചേർത്തും കഴിക്കാറുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!