പാചകവാതക വില കൂട്ടി; ഇന്നു മുതൽ ഒരു സിലിണ്ടറിന് 913 രൂപ

Share our post

ന്യൂഡൽഹി∙ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 115 രൂപയും കൂട്ടി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ലഭ്യത കുറഞ്ഞതോടെ ആഗോള വിപണിയിൽ വില കുത്തനെ കൂടിയതോടെയാണ് ഇന്ത്യൻ കമ്പനികളും വില കൂട്ടിയത്. 

ഇറാന്റെ വ്യോമാക്രമണത്തെത്തുടർന്ന് ഖത്തർ തങ്ങളുടെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദനം പൂർണമായും നിർത്തിയതാണ് പ്രതിസന്ധിക്കു കാരണം. പാചകത്തിനു മാത്രമല്ല വൈദ്യുതി ഉൽപാദനം, വ്യവസായശാലകൾ, വളം നിർമാണം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ എൽഎൻജി ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന എൽഎൻജിയുടെ പകുതിയും ഖത്തർ, യുഎഇ രാജ്യങ്ങളിൽ നിന്നാണ്. ഹോർമുസ് കടലിടുക്ക് വഴിയാണ് ഇവ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. യുദ്ധ സാഹചര്യത്തിൽ ഇതുവഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടു.

ഖത്തർ എനർജിയുമായി ഇന്ത്യയുടെ പൊതുമേഖലാ വാതക കമ്പനിയായ പെട്രോനെറ്റ് എൽഎൻജിക്ക് ദീർഘകാല കരാറുണ്ട്. ഇതുപ്രകാരം 2048 വരെ പ്രതിവർഷം 7.5 ദശലക്ഷം ടൺ എൽഎൻജി ഖത്തർ ലഭ്യമാക്കേണ്ടതാണ്. യുഎസിൽ നിന്ന് 18.5 ശതമാനം, അംഗോള 7.7 ശതമാനം, നൈജീരിയ 5.18 ശതമാനം എന്നിങ്ങനെയാണ് ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന എൽഎൻജി.

ഇന്ത്യയിലേക്കു മാത്രമല്ല, ലോകത്തെ മറ്റു രാജ്യങ്ങളിലേക്കും എൽഎൻജി കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഖത്തർ. ഖത്തറിലെ പ്രധാന വ്യവസായ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് സുരക്ഷാ കാരണങ്ങളാൽ എൽഎൻജി ഉൽപാദനം നിർത്താൻ ഖത്തർ തീരുമാനിച്ചത്.

സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ എനർജി ലോകത്തെ മുൻനിര എൽഎൻജി ഉൽപാദന കമ്പനിയാണ്. ഇവരുടെ റാസ് ലഫാൻ പ്ലാന്റിൽ നിന്നാണ് ലോകത്തെ എൽഎൻജി കയറ്റുമതിയുടെ അഞ്ചിലൊന്നും നടക്കുന്നത്. ഖത്തർ ഉൽപാദനം നിർത്തിയതോടെയാണ് ആഗോള വിപണിയിൽ എൽഎൻജി വില കുതിച്ചുയർന്നത്. പാചകവാതക ലഭ്യത ഉറപ്പാക്കാൻ ഇന്ത്യൻ കമ്പനികളോട് ഉൽപാദനം കൂട്ടാൻ കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രാലയം നിർദേശിച്ചിരുന്നു. വ്യവസായങ്ങൾക്ക് എൽഎൻജി നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!