യുദ്ധം വഴിയടച്ചു; രാജ്യാന്തര സർവീസ് മുടക്കം; കിയാലിന് പ്രതിദിന നഷ്ടം അരക്കോടി
മട്ടന്നൂർ ∙ യുദ്ധ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിയ രാജ്യാന്തര സർവീസ് പുനരാരംഭിക്കാത്തത് വഴി കിയാലിന് നഷ്ടം പ്രതിദിനം ശരാശരി അരക്കോടി രൂപ. വ്യാഴാഴ്ച മുതൽ എയർഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ–മസ്കത്ത് സർവീസ് മാത്രമാണ് പുനരാരംഭിച്ചത്. ശനിയാഴ്ച 6 സർവീസുകളും തുടർന്ന് ഇങ്ങോട്ടുള്ള ദിവസങ്ങളിൽ 12–13 സർവീസുകളുമാണ് ഓരോ ദിവസവും റദ്ദാക്കിയത്. ഇന്നും കണ്ണൂർ–മസ്കത്ത് റൂട്ടിൽ മാത്രമാണ് സർവീസ്. മറ്റു സെക്ടറിൽ സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ധാരണയായില്ല. തുടർച്ചയായി അഞ്ചാം ദിവസമാണ് കണ്ണൂരിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾ റദ്ദാക്കുന്നത്. ഇന്നലെ മാത്രം എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവയുടെ 13 സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിളിച്ച് അന്വേഷിക്കണമെന്ന് കിയാൽ അധികൃതർ പറഞ്ഞു.
സർവീസ് റദ്ദാക്കുന്നതോടെ കിയാലിന് വിവിധ ഇനത്തിൽ ലഭിച്ചിരുന്ന വരുമാനവും കുറയും. എയർ സൈഡ് വിഭാഗത്തിൽ നിന്ന് ലഭിക്കുന്ന വിമാനങ്ങളുടെ ലാൻഡിങ് ഫീസ്, പാർക്കിങ് ഫീസ്, പാസഞ്ചർ ഫീസ്, എയർക്രാഫ്റ്റ് ഹാൻഡലിങ് ഫീസ് തുടങ്ങിയ വരുമാനവും കുറയും. നിലവിൽ രാജ്യാന്തര വിമാനങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന വരുമാനം മസ്കത്ത് സർവീസിൽ നിന്ന് മാത്രമാണ് ലഭിക്കുന്നത്. ആകെ 2 എയർലൈൻ കമ്പനികളാണ് കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നത്. അതിൽ പകുതിയിൽ അധികവും രാജ്യാന്തര സെക്ടറിലാണ് സർവീസ്.
പ്രതിദിനം വരുമാനം പകുതിയിൽ അധികം കുറയും. യാത്രക്കാർ വിമാനത്താവളത്തിൽ എത്താത്തതിനാൽ യാത്രക്കാരെ കൊണ്ടു വിടുന്നതിനും കൊണ്ടു പോകാനും എത്തുന്ന വാഹനങ്ങളുടെ പാർക്കിങ് ഫീസും കുറയും. കഫറ്റേരിയ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഡേ ഹോട്ടൽ, ലൗഞ്ച് തുടങ്ങി എല്ലാ മേഖലയെയും ബാധിക്കും. കൂടാതെ ചരക്കുനീക്കത്തെയും ചരക്കുനീക്കം വഴി ലഭിക്കുന്ന വരുമാനത്തെയും ബാധിക്കും. പ്രതിമാസം 300 മുതൽ 500 ടൺ വരെ ചരക്കുനീക്കം നടക്കാറുണ്ട്. ഇടവേളയ്ക്ക് ശേഷം വിമാനത്താവളത്തിന്റെ പ്രവർത്തനം ലാഭത്തിലായ സാഹചര്യത്തിലാണ് തിരിച്ചടി.
