രാത്രി ഉറങ്ങാൻ സാധിക്കുന്നില്ലേ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം

Share our post

ഉറക്കം സ്വാഭാവികമായി ലഭിക്കേണ്ടതാണെങ്കിലും ചില സാഹചര്യങ്ങളിൽ ആവശ്യത്തിന് പോലും ഉറങ്ങാൻ സാധിക്കാതെ വരാം. അത്തരം സന്ദർഭങ്ങളിൽ ഉറങ്ങാനുള്ള അന്തരീക്ഷം ഉറപ്പുവരുത്താൻ ആളുകൾ ശ്രമിക്കാറുണ്ട്. എന്നാൽ പലപ്പോഴും അതുമാത്രം സഹായിച്ചെന്നു വരില്ല. ഇത് പരിഹരിക്കാൻ ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.

മാനസിക സമ്മർദം, സ്‌ക്രീൻ ടൈം, ചിട്ടയില്ലാത്ത ദിനചര്യകൾ എന്നിവ പലപ്പോഴും ഉറക്കക്കുറവിന് കാരണമാകാറുണ്ട്. പകൽ സമയത്ത് നമ്മൾ കഴിക്കുന്ന ഭക്ഷണവും രാത്രിയിലെ നമ്മുടെ ഉറക്കത്തെ കാര്യമായി സ്വാധീനിക്കുന്നു. എന്നാലിത് പരിഹരിക്കാൻ ചില ഭക്ഷണങ്ങൾ ശരിയായ രീതിയിൽ കഴിക്കാം. ശരീരത്തിന്റെ സ്വാഭാവിക ഉറക്ക സംവിധാനങ്ങളെ പിന്തുണയ്ക്കാൻ അവ സഹായിക്കുന്നു.

രാത്രിയിൽ മികച്ച ഉറക്കം നേടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.

വാഴപ്പഴം
വാഴപ്പഴത്തിൽ പൊട്ടാസ്യം, മഗ്‌നീഷ്യം, ട്രിപ്‌റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മികച്ച ഉറക്കത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്. പൊട്ടാസ്യം പലപ്പോഴും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന, രാത്രികാല പേശീ വലിവ് തടയാൻ സഹായിക്കും. മഗ്‌നീഷ്യം സ്ലീപ്പിങ് സൈക്കിൾ നിയന്ത്രിക്കുന്ന ഹോർമോൺ ആയ മെലാടോണിൻ ഉത്പാദനത്തെ പിന്തുണയ്ക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷമോ അത്താഴത്തിന് ശേഷമോ ഒരു വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.

ബദാം
ബദാം മഗ്‌നീഷ്യത്തിന്റെ സമൃദ്ധമായ ഉറവിടമാണ്. മികച്ച ഉറക്കത്തിനും വിശ്രമത്തിനും സഹായിക്കുന്ന ഒരു ഭക്ഷണപദാർഥമാണിത്. വെള്ളത്തിൽ കുതിർത്തതും തൊലി കളഞ്ഞതുമായ ബദാം കഴിക്കാവുന്നതാണ്. ഇത് രാത്രിയിൽ ഇടയ്ക്കിടെ ഉണരുന്നത് കുറയ്ക്കാനും, പേശികൾക്ക് വിശ്രമം നൽകാനും സഹായിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് ബദാം മിൽക്ക് കുടിക്കുന്നതും നല്ലതാണ്.

മഞ്ഞളും ജാതിക്കയും ചേർത്ത ഇളംചൂടുള്ള പാൽ
ഉറങ്ങുന്നതിന് മുമ്പ് ഇളംചൂടുള്ള പാൽ കുടിക്കുന്നത് നല്ലതാണെന്ന് ആളുകൾ പറയാറുണ്ട്. പാലിൽ മഞ്ഞൾ ചേർക്കുന്നത് ഇൻഫ്‌ളമേഷൻ, ഓക്‌സിഡേറ്റീവ് സമ്മർദം എന്നിവ കുറയ്ക്കാൻ സഹായിച്ചേക്കാം. പാലിൽ മഞ്ഞളും ഒരു നുള്ള് ജാതിക്കയും ചേർത്ത് നന്നായി തിളപ്പിച്ച് രാത്രിയിൽ കുടിക്കാവുന്നതാണ്.

ചെറി 
നല്ല ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണമാണ് ചെറി. ഉറക്കം തടസ്സപ്പെടുത്തുന്ന പിത്തസംബന്ധമായ പ്രശ്‌നങ്ങൾ കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ശരീരത്തെ ശാന്തമാക്കാൻ സിഗ്‌നൽ നൽകുന്ന സ്ലീപ്പ് ഹോർമോൺ ആയ മെലാടോണിന്റെ സ്വാഭാവിക ഉറവിടം കൂടിയാണ് ചെറി. വൈകുന്നേരങ്ങളിൽ ഒരു ബൗൾ ഫ്രഷ് ചെറി കഴിക്കുന്നത് രാത്രിയിൽ സ്വാഭാവികമായി ഉറക്കം വരാൻ സഹായിച്ചേക്കാം.

ഈ ഭക്ഷണങ്ങൾ എപ്പോൾ കഴിക്കണം? 
ചില ഭക്ഷണങ്ങൾ സ്ലീപ്പിങ് സൈക്കിളിനെ എത്രത്തോളം പിന്തുണയ്ക്കുന്നു എന്നതിൽ സമയത്തിന് പ്രാധാന്യമുണ്ട്. അവ എപ്പോഴെങ്കിലും കഴിക്കുന്നതിനു പകരം, ദിവസം മുഴുവൻ ശ്രദ്ധാപൂർവം കഴിക്കുന്നത് ശരീരത്തെ സ്വാഭാവികമായി ശാന്തമാക്കാൻ സഹായിക്കും.

വെള്ളത്തിൽ കുതിർത്ത ബദാം വൈകുന്നേരങ്ങളിൽ കഴിക്കുമ്പോഴാണ് ഏറ്റവും ഫലപ്രദമെന്ന് പറയപ്പെടുന്നു. ഉച്ചഭക്ഷണത്തിന് ശേഷമോ അത്താഴത്തിന് ശേഷമോ വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. ചെറി കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരമാണ്. മഞ്ഞളും ജാതിക്കയും ചേർത്ത ഇളംചൂടുള്ള പാൽ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!