ക്രിസ്മസ് ബംബർ തർക്കം: സജിമോന്റെ അവകാശവാദം പൊളിഞ്ഞു; യഥാർഥ ടിക്കറ്റ് കോടതിയിൽ

Share our post

കൊച്ചി: ക്രിസ്മസ് ബംബർ ലോട്ടറി സമ്മാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പരാതിക്കാരന് തിരിച്ചടി. താനാണ് യഥാർത്ഥ വിജയി എന്ന് അവകാശപ്പെട്ട് പിറവം സ്വദേശി കെ.കെ. സജിമോൻ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. ലോട്ടറി വകുപ്പ് കോടതിയിൽ ഹാജരാക്കിയ ഒറിജിനൽ ടിക്കറ്റ് പരിശോധിച്ചശേഷമാണ് കോടതി തീരുമാനത്തിലെത്തിയത്.

തന്റെ ടിക്കറ്റ് കൊറിയർവഴി മറ്റൊരിടത്തേക്ക് അയച്ചുവെന്നും അവിടെനിന്ന് അത് ഹാജരാക്കി സമ്മാനം കൈപ്പറ്റുകയായിരുന്നു എന്നുമാണ് സജിമോൻ ആരോപിച്ചിരുന്നത്. താൻ പേരെഴുതി ഒപ്പിട്ട ടിക്കറ്റാണ് ഇതെന്നും ഇയാൾ വാദിച്ചിരുന്നു. ലോട്ടറി വകുപ്പിന്റെ പക്കൽ ഉണ്ടായിരുന്ന രേഖകളാണ് സജിമോന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിയിച്ചത്.

ലോട്ടറി വകുപ്പ് മുദ്രവെച്ച കവറിൽ സമ്മാനാർഹമായ ഒറിജിനൽ ടിക്കറ്റ് കോടതിയിൽ നേരിട്ട് ഹാജരാക്കി. ഈ ടിക്കറ്റിൽ ആർക്കാണ് സമ്മാനം ലഭിച്ചത് എന്ന വിവരങ്ങളും കോടതിക്ക് കൈമാറി. സജിമോൻ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിന്റെ പേരോ ഒപ്പോ ഉള്ള ടിക്കറ്റല്ല യഥാർത്ഥ ടിക്കറ്റ് എന്ന് കോടതിക്ക് നേരിട്ട് ബോധ്യപ്പെട്ടതോടെ സജീമോന്‍റെ വാദങ്ങൾ പൊളിയുകയായിരുന്നു. വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തിയ ഹൈക്കോടതി ഹർജി തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!