ബജറ്റ്; കോളയാട് പഞ്ചായത്തിൽ സമഗ്ര വികസനം ലക്ഷ്യം
കോളയാട്: പശ്ചാത്തല വികസനത്തിനും ഉത്പാദന-സേവന മേഖലക്കും ഊന്നൽ നല്കി കോളയാട് പഞ്ചായത്ത് ബജറ്റ്. 29 കോടി 35 ലക്ഷം രൂപ വരവും 28 കോടി 60 ലക്ഷം രൂപ ചിലവും 74 ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റിൽ പഞ്ചായത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്.
പശ്ചാത്തല വികസന മേഖലയിൽഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് രണ്ടര കോടിയും പഞ്ചായത്ത് മീറ്റിംഗ് ഹാൾ നവീകരണത്തിന് അഞ്ച് ലക്ഷവും ഓഡിറ്റോറിയം നവീകരണത്തിന് 11 ലക്ഷവും കുടുംബശ്രീക്ക് 22 ലക്ഷവും വകയിരുത്തി.ഉത്പാദനമേഖലയിൽ നൂതന സ്റ്റാർട്ടപ്പുകൾക്കും ക്ഷീരകർഷകരെ സഹായിക്കാനുംമുട്ടക്കോഴിവളർത്തലും ലക്ഷ്യമിട്ട് 82.5 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചു.
സേവനമേഖലയിൽ പാലിയേറ്റീവ് രോഗികൾക്ക് മരുന്നും ഉപകരണങ്ങളും വാങ്ങാനും ഡയാലിസിസ് രോഗികളെ സഹായിക്കാനും 16 ലക്ഷം, വയോജനങ്ങൾക്ക് കട്ടിൽ, വയോജന സംഗമം, പകൽ വീടുകൾ എന്നിവക്ക് ഏഴ് ലക്ഷം, ഭിന്നശേഷി കുട്ടികളുടെ ക്ഷേമം, ഭൗതിക സൗകര്യം മെച്ചപ്പെടുത്തൽ, ശാരീരിക-മാനസിക വളർച്ച എന്നിവ ലക്ഷ്യമിട്ട് 18 ലക്ഷം, കായിക താരങ്ങൾക്ക് വായന്നൂരിൽ കളിസ്ഥലത്തിന് മൂന്ന് ലക്ഷം, ഫുട്ബോൾ പരിശീലനം, കേരളോത്സവം എന്നിവക്ക് അഞ്ച് ലക്ഷവും വകയിരുത്തി.
ഹോമിയോ,അലോപ്പതി വിഭാഗങ്ങൾക്ക് 50 ലക്ഷം, അങ്കണവാടികൾക്ക് 25 ലക്ഷം, ദുർഘടപ്രദേശങ്ങളിൽ തെരുവ് വിളക്കുകൾക്ക് 11 ലക്ഷവും ബജറ്റിലുണ്ട്. പട്ടികവർഗ യുവതികൾക്ക് വിവാഹസഹായം 15 ലക്ഷം, സ്കൂളുകളിൽ ഫർണിച്ചറിന് മൂന്ന് ലക്ഷം, ഉന്നതപഠനത്തിന് അഞ്ച് ലക്ഷം എന്നിവയും ബജറ്റിലുണ്ട്.
വൈസ്.പ്രസിഡന്റ് എം.റിജി ബജറ്റവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ടി.ജയരാജൻ, കാഞ്ചനവല്ലി, സാജൻ ചെറിയാൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ യശോദ വത്സരാജ്, എ.ഷാജു എന്നിവർ സംസാരിച്ചു.
