യുവാവും യുവതിയും ഹോട്ടലിൽ മരിച്ചനിലയിൽ
കോട്ടയം: നഗരമധ്യത്തിലെ ഹോട്ടലിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശി നന്ദകുമാർ (22), കുടയംപടി മര്യാത്തുരുത്ത് സ്വദേശി തസ്‌നി (20) എന്നിവരാണ് മരിച്ചത്. ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റലിലെ 202–ാംനന്പർ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇരുവരും മുറിയെടുത്തത്. വെള്ളിയാഴ്‌ച വൈകിട്ടായിട്ടും ഇരുവരെയും മുറിയിൽനിന്ന് പുറത്ത് കാണാത്തതിനാൽ ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഫയർഫോഴ്സിന്റെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ ഇരുവരെയും ഒരു ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
തസ്‌നിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ വെള്ളിയാഴ്ച രാവിലെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും ബന്ധുക്കൾ വിവാഹത്തിന് സമ്മതിക്കാത്തതിനാലാണ് ജീവനൊടുക്കിയതെന്നും മുറിയിൽനിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ ശനിയാഴ്ച രാവിലെ ഇൻക്വസ്റ്റിനുശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും. പോഞ്‌റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
