പെട്രോൾ-ഡീസൽ അളവിലെ തട്ടിപ്പ് അറിയാൻ വഴിയില്ല; പമ്പുകളിൽ പരിശോധന രണ്ടുവർഷത്തിലൊരിക്കൽ
പാലക്കാട്: പെട്രോൾപമ്പുകളിലെ വിതരണയന്ത്രത്തിന്റെ ഗുണനിലവാര പരിശോധന വർഷത്തിലൊരിക്കൽ എന്നത് രണ്ടുവർഷത്തിലൊരിക്കലാക്കി. കേന്ദ്ര നിർദേശത്തെത്തുടർന്നാണ് നടപടി. ഇതോടെ ഇന്ധനവിതരണത്തിൽ കൃത്രിമം നടക്കാനുള്ള സാധ്യത കൂടുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.വർഷംതോറും അളവ്-തൂക്ക വിഭാഗം ഇൻസ്‌പെക്ടർ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകി സീൽചെയ്യുന്ന ഡിസ്‌പെൻസിങ് ഉപകരണങ്ങളാണ് പമ്പുകളിൽ പ്രവർത്തിപ്പിച്ചിരുന്നത്. വർഷംതോറുമുള്ള പരിശോധന യന്ത്രങ്ങളിലെ തകരാർ കണ്ടെത്താനും പരിഹരിക്കാനും പമ്പുടമകളെ നിർബന്ധിതരാക്കിയിരുന്നു.
ഉപകരണത്തിന്റെ കാലപ്പഴക്കം, ഇന്ധനടാങ്കുകളിലെ മർദവ്യത്യാസം, താപനിലയിലെ മാറ്റം തുടങ്ങിയ കാരണങ്ങൾമൂലം ഇന്ധനത്തിന്റെ ഒഴുക്ക് കുറയുന്നതും ഫിൽട്ടറിലും ഫ്‌ലോ ട്യൂബിലും സ്ലഡ്ജ് അടിയുന്നതും അടക്കമുള്ള തകരാർ കണ്ടെത്താനും ഇത് സഹായിച്ചിരുന്നു.ഡിസ്‌പെൻസിങ് പമ്പുകളുടെ മീറ്ററുകളിൽ ഓരോതവണയും പൂജ്യം ക്രമീകരിക്കുന്നതിലെ കൃത്യത ഉറപ്പാക്കുന്നതും വിതരണസമയത്തെ വ്യത്യാസം 0.05 ശതമാനമെന്ന അംഗീകൃത തോതിൽ നിലനിർത്തുന്നതും വാർഷികപരിശോധനയിൽ ഉറപ്പാക്കിയിരുന്നു.
അളവ് കുറഞ്ഞതായി ഉപഭോക്താക്കളിൽനിന്ന് പരാതിലഭിച്ചാലുടൻ പരിശോധയ്ക്ക് ഇൻസ്‌പെക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അളവ്-തൂക്ക വിഭാഗം ഡെപ്യൂട്ടി കൺട്രോളർ വ്യക്തമാക്കി. ഇന്ധന അളവ് നേരിട്ട് പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് പമ്പിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നാണ് പമ്പുടമകൾ പറയുന്നത്.
പരിശോധനാ ഫീസ് അഞ്ചിരട്ടിയാക്കി
സർട്ടിഫിക്കേഷൻ കാലാവധി രണ്ടുവർഷമാക്കിയതോടെ ഇന്ധന ഡിസ്‌പെൻസറിന്റെ പരിശോധനാ ഫീസ് 1,000 ത്തിൽനിന്ന് 5,000 രൂപയാക്കി. ജനുവരി ഒന്നുമുതൽ പുതിയനിരക്കിന് പ്രാബല്യമുണ്ടെന്ന് ലീഗൽ മെട്രോളജിവകുപ്പ് അധികൃതർ പറഞ്ഞു.
