ബംഗാളിൽ വീണ്ടും നിപ്പ; ഏഷ്യൻ രാജ്യങ്ങളിൽ ജാഗ്രതാ നിർദേശം, കേരളവും സൂക്ഷിക്കണം

Share our post

ന്യൂഡൽഹി ∙ ബംഗാളിലെ നാദിയ ജില്ലയിൽ രണ്ട് നിപ്പ കേസുകൾ സ്ഥിരീകരിച്ചതിനു പിന്നാലെ കടുത്ത ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഏഷ്യൻ രാജ്യങ്ങൾ. നിപ്പ ബാധ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കിഴക്കനേഷ്യൻ രാജ്യങ്ങളാണ് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയത്. തായ്‌ലൻഡ്, സിംഗപ്പുർ, ഹോങ്കോങ്, മലേഷ്യ എന്നിവിടങ്ങളിൽ വിമാനമിറങ്ങുന്നവരെ പരിശോധിക്കും. ഇന്ത്യയിൽനിന്നും എത്തുന്ന യാത്രക്കാർക്ക് സിംഗപ്പുർ വിമാനത്താവളത്തിൽ താപനില പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.  വവ്വാലുകള്‍, പന്നികൾ എന്നിവയിലൂടെയാണ് നിപ്പ രോഗാണു മനുഷ്യരിലേക്ക് കടക്കുന്നത്. ഇവ കടിച്ചിടുന്ന പഴങ്ങൾ ഭക്ഷിക്കുന്നിലൂടെയാണ് പ്രധാനമായും രോഗം മനുഷ്യരിലേക്ക് എത്തുന്നത്. തുടർന്ന് വ്യക്തിയിൽനിന്ന് മറ്റു വ്യക്തികളിലേക്കും പടരും. 

2025 ഡിസംബർ അവസാനമാണ് ബംഗാളിൽ നിപ്പ സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരായ രണ്ടു പേർക്കാണ് രോഗബാധയുണ്ടായത്. തുടർന്ന് ഇവരുമായി ബന്ധമുള്ള 196 പേരുടെ സമ്പർക്ക പട്ടിക തയാറാക്കി നിരീക്ഷിച്ചു. എന്നാൽ ഇവർക്കാർക്കും രോഗലക്ഷണം കണ്ടെത്തിയില്ല. പരിശോധനയിലും ഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

∙ കേരളത്തിലും ജാഗ്രത

ദശലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിൽ ജോലിക്കെത്തുന്നത്. ഇതിൽ ഭൂരിഭാഗവും ബംഗാളിൽ നിന്നുള്ളവരാണ്. നിലവിൽ ബംഗാളിലേക്കും തിരിച്ചും ആയിരകണക്കിന് തൊഴിലാളികളാണ് കേരളത്തിൽനിന്നു യാത്ര ചെയ്യുന്നത്. അതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ മുൻകരുതൽ വേണമെന്നും നിപ്പ പകരുന്നത് എങ്ങനെയെന്നും അറിയാം.

∙ നിപ്പയെ സൂക്ഷിക്കണം!

·വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിലെത്തിയാൽ രോഗം ബാധിക്കും. വവ്വാലുകൾ ധാരാളമുളള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയവ ഒഴിവാക്കുക. വീട്ടുമുറ്റത്തും പറമ്പിലും വീണുകിടക്കുന്ന പഴങ്ങളെടുക്കുമ്പോൾ ശ്രദ്ധ വേണം. വവ്വാൽ കടിച്ച പഴങ്ങളിൽ അതിന്റെ പാടുണ്ടാകും. അങ്ങനെയുള്ള പഴങ്ങൾ എടുത്താൽ നമ്മുടെ കൈകളിലേക്കു വൈറസ് പകരും. വവ്വാൽ കടിച്ചെന്നു സംശയിക്കുന്ന പഴങ്ങൾ കഴിക്കരുത്; മണ്ണിൽ കുഴിച്ചു മൂടണം. അത്തരം പഴങ്ങൾ മൃഗങ്ങൾക്കും കഴിക്കാൻ നൽകരുത്. ഇത്തരം പഴങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൈകൾ വൃത്തിയായി കഴുകണം. വിപണിയിൽ ലഭിക്കുന്നത് ഉൾപ്പെടെ മറ്റു പഴങ്ങൾ കഴിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. മുൻകരുതലെന്ന നിലയിൽ പഴങ്ങൾ ആദ്യം സോപ്പുവെള്ളത്തിലും പിന്നീട് നല്ല വെള്ളത്തിലും കഴുകി ഉപയോഗിക്കാം. സോപ്പുവെള്ളത്തിൽ കഴുകുമ്പോൾ ഒട്ടുമിക്ക വൈറസും നശിക്കും.

∙വേണ്ടത് മുൻകരുതൽ

∙ രോഗം സ്ഥിരീകരിച്ചാൽ രോഗിയുമായുള്ള സമ്പർക്കത്തിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക.
∙ സോപ്പ് / ആൽക്കഹോൾ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
∙ രോഗിയുടെ സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക; വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

∙പകരുന്നതിങ്ങനെ

മാരകമാണെങ്കിലും ചിക്കൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവ പോലെ നിപ്പ വ്യാപകമായി പടരില്ല. എങ്കിലും കരുതൽ നിർബന്ധമായും വേണം. നാലു തരത്തിലാണ് നിപ്പ പകരുന്നത്.

∙രോഗം ബാധിച്ചവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വായു കണികയിലൂടെ പകരും.
∙രോഗിയുടെ സ്രവങ്ങളിലൂടെ
∙രോഗാണുവാഹകരായ വവ്വാലുകളിൽ നിന്ന് മറ്റു ജന്തുക്കളിലേക്കും അവയിൽ നിന്നു മനുഷ്യരിലേക്കും.
∙രോഗികൾ കൈകാര്യം ചെയ്ത സാധനങ്ങളിലൂടെ (സോപ്പ്, വസ്ത്രം തുടങ്ങിയവ)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!