ലക്ഷങ്ങൾ വിലപറഞ്ഞ ഫാൻസി നമ്പറുകൾ നിസ്സാര തുകയ്ക്ക് കിട്ടാൻ കള്ളക്കളി; സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം
തിരുവനന്തപുരം ∙ സോഫ്റ്റ്‌വെയറിലെ പിഴവുമൂലം വാഹനങ്ങൾക്ക് ഫാൻസി നമ്പർ ലേലത്തിൽ നൽകുന്നതിൽ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം. സോഫ്റ്റ്‌വെയറിലെ പിഴവ് മനസ്സിലാക്കി ഇടനിലക്കാർ ലേലത്തിൽ ലക്ഷങ്ങൾ വിലപറഞ്ഞ നമ്പറുകൾ നിസ്സാര തുകയ്ക്ക് തട്ടിയെടുക്കുന്നു. ഇക്കാര്യം മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയിട്ടില്ല. ഇഷ്ട നമ്പരുകൾക്ക് വാശിയിൽ ലേലം വിളിച്ച് 10 ലക്ഷം വരെയൊക്കെയുള്ള ഉയർന്ന തുകയിൽ എത്തിച്ച ശേഷം പണം അടയ്ക്കാതിരിക്കും.
അഞ്ച് ദിവസത്തെ സമയപരിധിക്കുള്ളിൽ പണം അടയ്ക്കാതെ വരുമ്പോൾ ഇൗ നമ്പർ വീണ്ടും സാധാരണ സ്ലോട്ടിലേക്ക് മാറ്റും. വീണ്ടും ആ നമ്പറിനായി പ്രത്യേകം തിരഞ്ഞാലേ ഇതു കാണാൻ കഴിയൂ. പലപ്പോഴും ആദ്യം ഈ നമ്പറിനായി ശ്രമിച്ചവർ അതു കിട്ടാതിരിക്കുമ്പോൾ ആരെങ്കിലും ലേലത്തിൽ പിടിച്ചെന്നു കരുതി പിന്നീട് ആ നമ്പറിനായി മെനക്കെടില്ല. ഇതു തരമാക്കി ഉയർന്ന തുക ലേലം വിളിച്ച് പണം അടയ്ക്കാതിരുന്ന ഇടനിലക്കാർ ആവശ്യക്കാർക്കായി ചെറിയ തുക ലേലത്തിൽ ആ നമ്പർ സ്വന്തമാക്കി കൊടുക്കും. കഴിഞ്ഞദിവസം 6.47 ലക്ഷം രൂപ വരെ ലേലം വിളിച്ച നമ്പർ ഇതുപോലെ പണം അടയ്ക്കാതെ പിൻവാങ്ങി പിന്നീട് നിസ്സാര തുകയ്ക്ക് കരസ്ഥമാക്കിയ സംഭവമുണ്ടായി.
തിങ്കൾ മുതൽ ശനിയാഴ്ച വരെ നമ്പർ സ്ലോട്ടുകൾ നൽകിയ ശേഷം ശനിയാഴ്ച 10 മണിക്കാണ് ലേലം നടക്കുക. ലേലം ഉറപ്പിച്ചാൽ അഞ്ച് ദിവസത്തിനകം പണം അടയ്ക്കാം. അല്ലെങ്കിൽ ആ നമ്പർ പിറ്റേ ആഴ്ചയിലും സാധാരണ സ്ലോട്ടിലേക്ക് വരും. നേരത്തേ ആർടിഒമാർ നേരിട്ട് ലേലം നടത്തുമ്പോൾ ലേലം വിളിക്കുന്ന തുക അപ്പോൾതന്നെ അടയ്ക്കുന്നതായിരുന്നു രീതി. ഇപ്പോൾ ലേലം ഡിജിറ്റലായതോടെ ലേലം വിളിക്കുന്നവർ മാത്രമേ ഇത് അറിയുന്നുള്ളു. മറ്റേയാൾക്ക് കിട്ടരുതെന്ന് കരുതി തന്നെ ചിലർ ലേലത്തിൽ പങ്കെടുത്ത് തുക ഉയർത്തും.
അതിനുശേഷം പണം അടയ്ക്കാതെ മുങ്ങും. ഇത്തരക്കാരെ പിന്നീട് ലേലത്തിൽ പങ്കെടുപ്പിക്കാതിരിക്കാൻ സോഫ്റ്റ്‌വെയറിൽ സംവിധാനമില്ല. വൻതുക വിളിച്ചവർ പണം അടയ്ക്കാതിരുന്നാൽ തൊട്ടുപിന്നിൽ വലിയ തുക ലേലം വിളിച്ചയാൾക്ക് ആ നമ്പർ നൽകാനും സോഫ്റ്റ്‌വെയറിൽ സംവിധാനമില്ല. ലേലം വിളിച്ച് രണ്ടു മണിക്കൂറിനുള്ളിൽ പണം അടയ്ക്കണമെന്നും പണമടച്ചില്ലെങ്കിൽ രണ്ടാമതെത്തിയ ആൾക്ക് നമ്പർ അനുവദിച്ചുനൽകണമെന്ന രീതിയിൽ സോഫ്റ്റ്‌വെയറിൽ മൊഡ്യൂൾ സംവിധാനം വേണമെന്ന ശുപാർശ ഇതുവരെ നടപ്പായില്ല.
