കൃഷി, മത്സ്യം, സഹകരണം, ഐടി… കേരളം കുതിക്കുന്നു: സാമ്പത്തിക അവലോകന റിപ്പോർട്ട്‌

Share our post

തിരുവനന്തപുരം : കേരളത്തിൽ കാർഷിക മേഖലയിലും മത്സ്യ ഉൽപാദനത്തിലും വൻ കുതിപ്പ്‌. ഐടി മേഖലയിലും കേരളം മികവ്‌ തുടരുകയാണ്‌. സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ്‌ ഇ‍ൗ കണക്ക്‌. കൃഷിഭൂമിയുടെ വളർച്ചിയിലും നെൽകൃഷി ഉൽപാദനത്തിലും വളർച്ചയുണ്ട്‌. ഭൂമി ഉപയോഗ ഡാറ്റ അനുസരിച്ച്, 2024- 25 ൽ മൊത്തം ഭൂവിസ്തീർണമായ 38.86 ലക്ഷം ഹെക്ടറിൽ, ആകെ കൃഷിചെയ്യുന്ന പ്രദേശം 25.15 ലക്ഷം ഹെക്ടറും (64.71 ശതമാനം) വനമേഖല 10.82 ലക്ഷം ഹെക്ടറും (27.8 ശതമാനം) ആയിരുന്നു. മൊത്തം കൃഷിഭൂമിയുടെ 30.44 ശതമാനം നാളികേരവും 21.78 ശതമാനം റബ്ബറും 28.22 ശതമാനം തോട്ടവിളകളും ആണ്. 2024- 25 ൽ നെൽക്കൃഷി മൊത്തം കൃഷിഭൂമിയുടെ 7.01 ശതമാനമായിരുന്നു. നെൽകൃഷിയുടെ വിസ്തൃതി, ഉൽപാദനം, ഉൽപാദനക്ഷമത എന്നിവ യഥാക്രമം 1.76 ലക്ഷം ഹെക്ടർ, 5.30 ലക്ഷം ടൺ, 3,006 കിലോഗ്രാം എന്നിങ്ങനെയായിരുന്നു. 2023- 24 ലെ നെല്ലിന്റെ ഉൽപാദനക്ഷമതയുമായി താരതമ്യപ്പെടുത്തുമ്പോൾ 2024- 25 ൽ ഇത് ഹെക്ടറിന് 43 കിലോഗ്രാം വീതം വർധിച്ചു. 2024- 25 ൽ പച്ചക്കറി ഉൽപാദനം (ഏത്തപ്പഴവും വാഴപ്പഴവും ഉൾപ്പെടെ) മൊത്തം 1.22 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ നിന്ന് 17.21 ലക്ഷം മെട്രിക് ടണ്ണായിരുന്ന ഉല്പാദനം 19.11 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.

വർഷങ്ങളായി ആകെ ജലസേചിത പ്രദേശം വർധിച്ചുവരുന്നു. ജലസേചിത മേഖല 2023- 24 ലെ 4.19 ലക്ഷം ഹെക്ടറിൽ നിന്ന് 2024-25 ൽ 4.38 ലക്ഷം ഹെക്ടറായി ഉയർന്നു. മൊത്തം ജലസേചിത പ്രദേശത്തിൽ കൃഷി ചെയ്യുന്ന പ്രദേശ വിസ്തൃതി 21.28 (2023- 24) ശതമാനത്തിൽ നിന്ന് 22.28 (2024- –25) ശതമാനമായി ഉയർന്നു. സർക്കാർ കനാലുകളിലൂടെയുള്ള ജലസേചനത്തിന്റെ വിസ്തീർണം 0.77 ലക്ഷം ഹെക്ടറിൽ നിന്ന് (2023- 24) 0.78 ലക്ഷം ഹെക്ടറായി (2024- 25) ഉയർന്നു.

2024-–25 ൽ മൊത്തം മത്സ്യ ഉൽപാദനം 9.28 ലക്ഷം മെട്രിക് ടണ്ണായിരുന്നു. അതിൽ ഉൾനാടൻ മത്സ്യം 2.81 ലക്ഷം ടണ്ണും ബാക്കി 6.47 ലക്ഷം ടൺ സമുദ്ര മത്സ്യവുമാണ്. അളവിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ സമുദ്രവിഭവങ്ങൾ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ സംസ്ഥാനവും മൂല്യത്തിന്റെ കാര്യത്തിൽ രണ്ടാമതുമാണ് കേരളം. കേരളത്തിൽ നിന്നുള്ള സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി വർഷങ്ങളായി വർധിച്ചുവരുന്നു. 2024-25 ൽ 6,941.29 കോടി രൂപ വിലമതിക്കുന്ന 1.80 ലക്ഷം മെട്രിക് ടൺ സമുദ്രവിഭവങ്ങൾ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്തു.

സഹകരണ മേഖലയിലും കുതിപ്പ്‌

സഹകരണ സംഘങ്ങളുടെ വളർച്ചയിലും സേവനത്തിലും കേരളം ഏറെ മുന്നിലാണ്‌. 2025 മാർച്ച് 31ലെ കണക്കനുസരിച്ച് കേരളത്തിൽ 16,429 സഹകരണ സംഘങ്ങളുണ്ട്. അതിൽ 12,278 എണ്ണം സക്രിയമാണ്. ഏറ്റവും കൂടുതൽ ഉപഭോക്തൃ സഹകരണ സംഘങ്ങളാണ് (4,609). 2025 മാർച്ച് 31ലെ കണക്കനുസരിച്ച്, സഹകരണ സംഘങ്ങളുടെ രജിസ്ട്രാറിന് (ആർസിഎസ്) കീഴിൽ 3,756 വായ്പാ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 3,370 സഹകരണ സംഘങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. ഇവയ്ക്ക് പുറമേ, വിപണനം, ഭവനനിർമാണം, സംസ്കരണം, ആരോഗ്യം, പട്ടികജാതി, പട്ടികവർഗ സഹകരണ സംഘങ്ങൾ എന്നിവയുണ്ട്. യുവാക്കൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന യൂത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.

വിവരസാങ്കേതികവിദ്യ

കേരളത്തിൽ ഏറെ വളരുന്ന മേഖലയാണ്‌ വിവരസാങ്കേതികവിദ്യ. ഇ‍ൗ രംഗത്തും കേരളം കുതിക്കുകയാണ്‌. ടെക്നോപാർക്കുകൾ, ഇൻഫോപാർക്കുകൾ, സൈബർ പാർക്കുകൾ, ടെക്നോസിറ്റികൾ എന്നിവയുടെ ഒരു ശൃംഖല സംസ്ഥാനത്തുണ്ട്. മൂന്നാം ഘട്ടം ആരംഭിച്ചതോടെ 768.63 ഏക്കർ സ്ഥലവും 12.72 ദശലക്ഷം ചതുരശ്ര അടി ബിൽറ്റ് അപ്പ് ഏരിയയുമുള്ള ടെക്നോ പാർക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാർക്കുകളിലൊന്നായി മാറി. കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ മൊത്തം ടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണം 2023- 24 ലെ 4,681 ൽ നിന്ന് 2024–-25 ൽ 6,227 ആയി ഉയർന്നു. ഇന്റർനെറ്റിനെ സാർവത്രിക അവകാശമാക്കുകയെന്ന സംസ്ഥാനത്തിന്റെ ദ‍ൗത്യം കൈവരിക്കുന്നതിനായി ആരംഭിച്ച കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്കിന് (കെഎഫ്ഒഎൻ) 1.13 ലക്ഷം സജീവ കണക്ഷനുകളുണ്ട്. സ്വന്തം ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് കെഫോൺ ഈ മേഖലയിലേക്ക് പ്രവേശിച്ചത്. ഈ പ്ലാറ്റ്ഫോം 29 ഡിജിറ്റൽ സേവനങ്ങളും 350 ലധികം ടിവി ചാനലുകളും പ്രദാനം ചെയ്യുന്നു. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന 2,986 അക്ഷയ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് ഇ-സേവനങ്ങൾ നൽകുകയും 10,518 പേർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു. 500 ലധികം സേവനങ്ങളും 50 ലധികം വകുപ്പുകളിലുമായി 2021 ൽ ഇ-സേവനങ്ങളും എം-സേവനങ്ങളും ആരംഭിച്ചു. നിലവിൽ ഒരു പ്ലാറ്റ്ഫോമിൽ 81 വകുപ്പുകളിലായി 917 സേവനങ്ങളാണ് നൽകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!