ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതമുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി കോടതി

Share our post

കോഴിക്കോട്:ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് മരിച്ചതിൽ പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഷിംജിത നൽകിയ ജാമ്യാപേക്ഷയിലാണ് വിധി.

ദീപക് ജീവനൊടുക്കിയത് ഷിംജിത ദൃശ്യങ്ങൾ പ്രചരിച്ചതോടെയെന്ന് കേസ്.ശനിയാഴ്ചയായിരുന്നു ജാമ്യാപേക്ഷയില്‍ വിശദമായ വാദം കോടതി കേട്ടത്. ഷിംജിത നിരപരാധിയാണെന്നായിരുന്നു അഭിഭാഷകൻ ടി.പി ജുനൈദിന്റെ വാദം. മനഃപൂർവമുള്ള പ്രവർത്തിയാണെന്ന് വാദിഭാഗം അഭിഭാഷകൻ കെപി രാജഗോപാലനും വാദിച്ചിരുന്നു.

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താൻ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. നിലവിൽ ഷിംജിത 14 ദിവസത്തെ റിമാന്റിലാണ്.

ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും വീഡിയോ തയ്യാറാക്കാനോ എഡിറ്റ് ചെയ്യാനോ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്.അതിനിടെ ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെൺകുട്ടി കണ്ണൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!