അമൃത്‌ഭാരത് എക്സ്‌പ്രസ്; മലബാറിന് അവഗണന, ഷൊർണൂരിനുശേഷം അഞ്ച് സ്റ്റോപ്പുകൾമാത്രം
കോഴിക്കോട്: ചൊവ്വാഴ്ച സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ-മംഗളൂരു-നാഗർകോവിൽ അമൃത്‌ഭാരത് എക്സ്പ്രസിനും മലബാറിനോട് അവഗണന. ഷൊർണൂരിനും മംഗളൂരു ജങ്ഷനും ഇടയിൽ വണ്ടിനിർത്തുക അഞ്ച് സ്റ്റേഷനുകളിൽമാത്രമാണ്.
മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിർത്തുന്നത് ഓരോ സ്റ്റേഷനുകളിൽമാത്രം. അതേസമയം നാഗർകോവിലിനും ഷൊർണൂരിനും ഇടയിൽ 13 ഇടങ്ങളിൽ നിർത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ രണ്ട് സ്റ്റേഷനുകളിൽവീതം സ്റ്റോപ്പുണ്ട്. ആലപ്പുഴയിൽ മൂന്നും. തൃശ്ശൂരിലും പത്തനംതിട്ടയിലും പാലക്കാട്ടും ഒരിടത്തുമാത്രമാണ് നിർത്തുക.
കൊയിലാണ്ടി, വടകര, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങിയ സ്റ്റേഷനുകളെ പൂർണമായും അവഗണിച്ചു. വരുമാനത്തിൽ മുന്നിൽനിൽക്കുന്ന സ്റ്റേഷനുകളാണ് ഇവയൊക്കെ. വടകരയിൽ ശരാശരി 30 കോടിയോളം രൂപ പ്രതിവർഷം വരുമാനമുണ്ട്. കൊയിലാണ്ടിയിൽ 21 കോടിയും പയ്യന്നൂരിൽ 24 കോടിയും കാഞ്ഞങ്ങാട്ട് 18 കോടിയുമാണ് ശരാശരി പ്രതിവർഷവരുമാനം. ഈ സ്റ്റേഷനുകളെക്കാൾ വരുമാനം കുറഞ്ഞ ചങ്ങനാശ്ശേരി, മാവേലിക്കര സ്റ്റേഷനുകളിൽ വണ്ടിക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
പ്രതിവാര വണ്ടിയാണെങ്കിലും ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ രാത്രി വണ്ടിയോടുന്നത് ഏറെ സൗകര്യപ്രദമാകുമായിരുന്നു. വൈകീട്ടത്തെ നേത്രാവതി കഴിഞ്ഞാൽ മംഗളൂരുവിലേക്ക് പുലർച്ചെയുള്ള പ്രതിവാരവണ്ടികളാണുള്ളത്. ഇതിനിടയിൽ സർവീസ് നടത്തുന്ന വണ്ടികളിൽ വന്ദേഭാരത് ഒഴികെയുള്ളവയെല്ലാം കണ്ണൂർവരെമാത്രമേ ഉള്ളൂ. ഈ സാഹചര്യത്തിൽ അമൃത്‌ഭാരത് എക്സപ്രസിന്റെ സർവീസ് യാത്രക്കാർക്ക് ഏറെ ഗുണകരമായേനേ. എന്നാൽ, സ്റ്റോപ്പുകളില്ലാത്തത് വൻ തിരിച്ചടിയായി. തിരുവനന്തപുരം ഡിവിഷനാണ് ‘അമൃത്‌ഭാരതി’ന്റെ സർവീസ് നടത്തുന്നത്.
17 മണിക്കൂർ 20 മിനിറ്റാണ് നാഗർകോവിൽ മുതൽ മംഗളൂരുവരെ യാത്രചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയം. പുലർച്ചെ 1.55-ന് കാസർകോട്ട് തീവണ്ടി എത്തുമെങ്കിലും അവിടുന്ന് മംഗളൂരു വരെയുള്ള 46 കിലോമീറ്റർ ദൂരം യാത്രചെയ്യാൻ അനുവദിച്ചിരിക്കുന്നത് മൂന്നുമണിക്കൂറാണ്. അതായത് മൂന്നുമണിക്കൂറെങ്കിലും വൈകി ഓടിയാലും റെയിൽവേയുടെ കണക്കിൽ വണ്ടി മംഗളൂരുവിൽ കൃത്യസമയത്ത് എത്തിച്ചേരും.
