പദ്മശ്രീയില്‍നിന്ന് ഭൂഷണിലേക്ക് 28 വര്‍ഷം
1998-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചതാണ് മഹാനടൻ മമ്മൂട്ടിയെ. മലയാളത്തിന്റെ അഭിമാനമായ നടൻ പദ്മഭൂഷന്റെ തിളക്കത്തിലെത്തുന്നത് 28 വർഷത്തിനുശേഷം. മികച്ച നടനുള്ള ഏഴുപുരസ്കാരമുൾപ്പെടെ 10 സംസ്ഥാന അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്നുതവണയും അദ്ദേഹത്തെത്തേടിയെത്തി. പദ്മഭൂഷൺ പുരസ്കാര വാർത്തയെത്തിയത് മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം ഏറ്റുവാങ്ങുന്ന അതേദിവസമാണ് എന്നതും ശ്രദ്ധേയമായി.
തമിഴ്, ഹിന്ദി, തെലുഗ്, കന്നഡ ഭാഷകളിലെല്ലാം വെള്ളിത്തിരയിലെത്തിയ അദ്ദേഹം ഇന്ത്യൻസിനിമയിലെ തിളങ്ങുന്ന നക്ഷത്രമാണ്. പുതുതലമുറ പരീക്ഷണച്ചിത്രങ്ങളിൽ അനിതരസാധാരണ അഭിനയമികവുമായി പ്രേക്ഷകരെ അദ്‌ഭുതപ്പെടുത്തുകയാണ് ഇന്നും മമ്മൂട്ടി.
താൻ ഒരു ഇൻബോൺ ആക്ടറെല്ലെന്ന് സ്വയം പ്രഖ്യാപിക്കുന്ന മമ്മൂട്ടി സിനിമയുടെ പൂർണതയ്ക്കായി എടുക്കുന്ന റിസ്കുകൾ അപാരം. മരണംവരെ യുവാവായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ലാത്ത മമ്മൂട്ടിയുടെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. അത്തരംഞെട്ടിക്കലുകളുടെ ഏറ്റവും ഒടുവിലെ അധ്യായമായിരുന്നു ‘കളങ്കാവൽ’ എന്ന ചിത്രം.
