ടൗണിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് കോൺഗ്രസ്
പേരാവൂർ:ടൗണിൽ നിന്നും ഓവുചാലുകളിലൂടെ ഒഴുകുന്ന മലിന ജല പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ടൗണിന്റെ പുറകുവശത്തെ കാടു മൂടി കിടക്കുന്ന വയലുകളുൾപ്പെടെയുള്ള സ്ഥലങ്ങളിൽ മലിനജലം കെട്ടിക്കിടക്കുകയും കൈത്തോടുകൾ വഴി കാഞ്ഞിരപ്പുഴയിലേക്ക് എത്തുന്നുമുണ്ട്. കാഞ്ഞിരപ്പുഴയിലെ വെള്ളം നിരവധി കുടുംബങ്ങൾ നിത്യോപയോഗ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. കൂടാതെ, ഇവിടെയാണ് ടൗണിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജലസംഭരണിയുള്ളതും.
ടൗണിന്റെ പുറകുവശത്ത് പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലമുൾപ്പെടെയുള്ള ഭാഗം മനിലജല കേന്ദ്രമായി മാറിയിരിക്കുകയാണ്. നിരന്തരമായി ഈ വിഷയംപഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം കാണാൻ പഞ്ചായത്ത് ശ്രമിച്ചിട്ടില്ല. മലിന ജലം ശുദ്ധീകരിക്കുന്ന പ്ലാന്റ് സ്ഥാപിച്ച് ശ്വാശ്വത പരിഹാരം ഉണ്ടാക്കണമെന്നും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.ടൗണിലെ ഓടകൾ ശുദ്ധീകരിക്കുന്ന നടപടികൾ അടിയന്തരമായി നടത്തണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിന് നേതൃത്വം നൽകുമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ പറഞ്ഞു.
