കെഎസ്ആർടിസി ഇനി വേറെ ലെവൽ; ബസിലെത്തും ചൂടൻ “ചിക്കിങ്’ വിഭവങ്ങൾ
തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളിൽ ഇനി “ചിക്കിങ്’ വിഭവങ്ങളും ലഭിക്കും. യാത്രക്കാർക്ക് ബസിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാം. അടുത്ത ബസ് സ്റ്റാൻഡിലോ, റൂട്ടിലുള്ള ചിക്കിങ് സ്‌റ്റോറുകളിൽ നിന്നോ ഭക്ഷണം പാഴ്സലായി സീറ്റുകളിൽ എത്തും. കെഎസ്ആർടിസിയും ചിക്കിങുമായി ഇത് സംബന്ധിച്ച് ധാരണയായതായി മന്ത്രി കെ ബി ഗണേഷ്‍കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ അഞ്ച് സൂപ്പർക്ലാസ് സർവീസുകളിലും ബജറ്റ് ടൂറിസം യാത്രകളിലുമാകും ഭക്ഷണ വിതരണം. ക്രമേണ മറ്റ് ദീർഘദൂര ബസുകളിലേക്കും വ്യാപിപ്പിക്കും.
യാത്രക്കാർക്ക് ഭക്ഷണം ഓർഡർ ചെയ്യാനായി ബസിൽ ക്യൂആർ കോഡ് പതിക്കും. ഇത് സ്‌കാൻ ചെയ്യുമ്പോൾ വിഭവങ്ങളുടെ പട്ടികയും അടുത്ത ഭക്ഷണ ശാലയുടെ വിവരവും ലഭിക്കും. ബസ് സ്റ്റാൻഡിലോ റൂട്ടിലുള്ള ചിക്കിങ് ഔട്ട്ലെറ്റിലോ എത്തുമ്പോൾ ഭക്ഷണം എത്തും വിധമാണ് ക്രമീകരണം. ബുക്കിംഗിന് പ്രത്യേക വെബ്‌സൈറ്റ് ഉടൻ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.
പൊതുനിരക്കിനെക്കാൾ 25 ശതമാനം വില കുറച്ചാണ് ഭക്ഷണം നൽകുന്നത്. വിൽപന വിഹിതത്തിന്റെ അഞ്ച്ശതമാനം കെഎസ്ആർടിസിക്ക് ലഭിക്കും. ദേശീയ സംസ്ഥാന പാതകളിലായി 140 കേന്ദ്രങ്ങളിൽ നിന്നും യാത്രക്കാർക്ക് ഭക്ഷണം നൽകാൻ കഴിയും. ചിക്കിങ് സ്‌റ്റോറുകളിൽ ബസ് നിർത്തുമ്പോൾ ഡ്രൈവർക്കും കണ്ടക്ടർക്കും സൗജന്യമായി ഭക്ഷണം നൽകാനും കരാറിൽ വ്യവസ്ഥയുണ്ടെന്ന് മന്ത്രി അറിയിച്ചു.
ടെക്നോപാർക്കിൽ നിന്ന് വാരാന്ത്യ സ്പെഷ്യൽ സർവീസ്
തിരുവനന്തപുരം ടെക്നോപാർക്കിൽ നിന്ന് വെള്ളിയാഴ്ചകളിൽ മറ്റ് ജില്ലകളിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. ആദ്യഘട്ടത്തിൽ തൊടുപുഴ, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ആദ്യ സർവീസ്. ഓൺലൈൻ വഴിയാണ് ബുക്കിങ്. ഇതേ ബസുകൾ തിങ്കളാഴ്ച രാവിലെ തിരിച്ചെത്തുന്ന വിധം സർവീസുകൾ ക്രമീകരിക്കും.
