പേരാവൂരിൽ തോക്ക് ചൂണ്ടി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസ്; കൂട്ടുപ്രതികളെ കണ്ടെത്താനാകാതെ പോലീസ്
പേരാവൂർ: കേരള ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി കവർന്ന കേസിൽ ഒളിവിൽ പോയ പ്രതികളെ ഒരാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇനിയുംകഴിഞ്ഞില്ല. കേസിൽ റിമാൻഡിലായിരുന്ന പ്രതി ഷുഹൈബിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തെങ്കിലും കൂട്ടുപ്രതികളായ മൂന്ന് പേരെക്കുറിച്ചും ഷുഹൈബിൽ നിന്ന് വിവരങ്ങൾ ലഭിച്ചില്ലെന്നാണ് സൂചന.
ലോട്ടറി തട്ടിയെടുത്ത പേരാവൂർ താലൂക്കാസ്പത്രിക്ക് സമീപത്തെ റോഡിൽ ഷുഹൈബിനെയെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഇറ്റുവരെ ഒരാളെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞത്.പ്രതികൾ രക്ഷപ്പെട്ട കാറും കസ്റ്റഡിയിലാണ്.
ഡിസംബർ 30ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒരു കോടി രൂപയുടെ സമ്മാനം പേരാവൂർ സ്വദേശി എ.കെ.സാദിഖിനായിരുന്നു ലഭിച്ചത്. സർക്കാർ നൽകുന്നതിലും കൂടുതൽ തുക നല്കാമെന്ന് പറഞ്ഞ് സാദിഖിനെ സമീപിച്ച അഞ്ചംഗ സംഘമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി തന്ത്രപൂർവം ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തത്. സംഘത്തിലൊരാൾ അന്ന് തന്നെ പോലീസ് വലയിലായെങ്കിലും കൂട്ടുപ്രതികളിൽ ഒരാളായ പാലോട്ടുപള്ളി സ്വദേശി ഫാരിസിനെയൊഴികെ മറ്റു മൂന്നു പേരെക്കുറിച്ചും വ്യക്തമായ ചിത്രം പോലീസിന് ഇനിയും ലഭിച്ചിട്ടില്ല.
പേരാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 40-ഓളം നിരീക്ഷണ കാമറകൾ പോലീസ് സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച അത്യാധുനിക നിരീക്ഷണ കാമറകൾ ഇരിട്ടി റോഡിലുമുണ്ട്. ഇത് കൂടാതെ പേരാവൂരിലെ വിവിധ സ്ഥാപനങ്ങൾ, പ്രതികൾ സഞ്ചരിച്ച വഴികളിലെ നിരവധി വീടുകളിലും നിരീക്ഷണ കാമറകളുണ്ട്. ലോട്ടറി തട്ടിയെടുത്ത ദിവസവും തലേന്നും പേരാവൂരിൽ ഒന്നിലധികംതവണയെത്തിയ സംഘത്തെ ഇത്രയും നിരീക്ഷണ കാമറകളുണ്ടായിട്ടും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
പ്രതികൾ രക്ഷപ്പെട്ടത് പോലീസിന്റെ ജാഗ്രതക്കറവ്
ലോട്ടറി തട്ടിയെടുക്കപ്പെട്ട ദിവസം പോലീസിന്റെ കയ്യിൽ കിട്ടിയ ഷുഹൈബിനെ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത് കാരണം കാക്കയങ്ങാട് ടൗണിൽ ഇറക്കിവിട്ടിരുന്നു. തട്ടിപ്പ് സംഘത്തിന്റെ കയ്യിലകപ്പെട്ട സാദിഖിന്റെ സുഹൃത്തിനെ വിട്ടുകിട്ടാനായിരുന്നു ഷുഹൈബിനെ കാക്കയങ്ങാട് ടൗണിൽ സാദിഖിന്റെ കാറിലെത്തിച്ച് ഇറക്കിവിട്ടത്. ജില്ല മുഴുവനും അലർട്ട് നല്കിയ ശേഷം മുഴുവൻ സ്റ്റേഷനുകളിലെയും പോലീസ് സംഘത്തിന്റെ സഹായത്തോടെ അന്ന് തന്നെ ഷുഹൈബിന്റെ കൂട്ടാളികളെ വലയിലാക്കാൻ പോലീസിന് കഴിയുമായിരുന്നു.
അതേസമയം, ലോട്ടറി തട്ടിയെടുത്ത സംഘത്തിന് ലോട്ടറി തുക സർക്കാരിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ ഒത്തുതീർപ്പിലൂടെ പ്രശ്‌നം പരിഹരിക്കാൻ മാത്രമെ ഇനി സാധിക്കൂ. ലോട്ടറിയുടെ യഥാർഥ ഉടമ എ.കെ.സാദിഖിന് ടിക്കറ്റ് തിരിച്ചുനല്കി കേസിൽ നിന്നും രക്ഷപ്പെടാനാവും തട്ടിപ്പ് സംഘം ശ്രമിക്കുക. സാദിഖിനല്ലാതെ മറ്റാർക്കും സമ്മാനത്തുക ലഭിക്കില്ലെന്നാണ് ലോട്ടറിവകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.
ആയുധം കയ്യിൽ വെക്കൽ, പിടിച്ചുപറി, വധശ്രമം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസിൽ നിന്ന് തട്ടിപ്പ് സംഘത്തിന് രക്ഷപ്പെടണമെങ്കിൽ പരാതിക്കാരനായ സാദിഖ് സഹകരിക്കണം. ഇരു കൂട്ടരും യോജിച്ച് ഹൈക്കോടതിയെ സമീപിച്ച് പേരാവൂർ പോലീസിട്ട എഫ്‌ഐആർ റദ്ദാക്കി കിട്ടിയാൽ മാത്രമേ ലോട്ടറി തുകയുടെകാര്യത്തിൽ ഇനി തീരുമാനമാകാൻ സാധ്യതയുള്ളൂ എന്നാണ് നിയമവിദഗ്ദർ പറയുന്നത്.
