സീറ്റ് വച്ചുമാറ്റത്തിന് കോൺഗ്രസും ലീഗും
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിലധികം തവണ തോറ്റ ചില സീറ്റുകൾ ഉൾപ്പെടെ വച്ചുമാറി വിജയവഴി തേടാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ആലോചന. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, അടൂർ പ്രകാശ്, ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.എം.എ.സലാം എന്നിവർ പങ്കെടുത്ത ആദ്യവട്ട സീറ്റ് വിഭജന ചർച്ചയിലാണു നിർദേശം വന്നത്.
മുൻപ് ലീഗ് തോറ്റ ഗുരുവായൂർ, പുനലൂർ, തിരുവമ്പാടി, കോങ്ങാട്, കളമശേരി സീറ്റുകൾ വച്ചുമാറൽ പട്ടികയിലുണ്ട്. കോൺഗ്രസ് തോറ്റ തവനൂർ, കൊച്ചി, പട്ടാമ്പി, ആർഎസ്പിയുടെ പക്കലുള്ള ഇരവിപുരം സീറ്റുകൾ ലീഗ് ആവശ്യപ്പെട്ടേക്കും. തിരുവനന്തപുരം ജില്ലയിൽ ഒരു സീറ്റിൽ മത്സരിക്കാനും ആഗ്രഹിക്കുന്നു. വയനാട് ജില്ലയിൽ ഒരു സീറ്റ് ലീഗിന് ആഗ്രഹമുണ്ട്. പരമാവധി സീറ്റുകളിൽ ജയമുറപ്പിക്കാനാണ് ഇരുകക്ഷികളും വച്ചുമാറ്റം ആലോചിക്കുന്നത്.
കഴിഞ്ഞ തവണത്തേതിൽനിന്നു കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് മുന്നണിയെ സമ്മർദത്തിലാക്കില്ലെന്നാണു ലീഗിന്റെ നിലപാട്. 27 സീറ്റ് കിട്ടിയ ലീഗ് 25 സീറ്റുകളിലാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്. രണ്ടിടത്ത് കോൺഗ്രസിലും ലീഗിനും സമ്മതനായ സ്ഥാനാർഥികളാണ് വന്നത്. ലീഗുമായുള്ള ചർച്ചയ്ക്കു ശേഷം മറ്റു ഘടകകക്ഷികളുമായുള്ള ചർച്ച നടക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം നാളെ ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും.
