സ്വർണ്ണക്കടത്തുകേസ്: ശബരിമലയിൽ എത്തിയതിനു പിന്നാലെ കുമിഞ്ഞ് കൂടി സ്വത്തുക്കൾ, എല്ലാം കണ്ടുകെട്ടാൻ ഇ.ഡി
ശബരിമല: ശബരിമല സ്വർണ്ണക്കടത്തുകേസ് പ്രതിയായ എ. പത്മകുമാറിന്റേയും എൻ. വാസുവിന്റേയും അടക്കം സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി ഇ.ഡി. ഇതുമായി ബന്ധപ്പെട്ട് നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം മൂന്ന് സംസ്ഥാനങ്ങളിലെ പലയിടങ്ങളിലായി ഇ.ഡി. വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കൾ കണ്ടുകെട്ടാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസത്തെ റെയ്ഡിന് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ്, ഗോവർദ്ധൻ, എ. പദ്മകുമാർ, എൻ. വാസു തുടങ്ങിയവരുമായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഇതിൽ എൻ. വാസു, പദ്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്തുവിവരങ്ങൾ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. വസ്തുവകകളുടെ വിവരങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ ഇ.ഡി. ശേഖരിച്ചു. വൈകാതെ തന്നെ താത്കാലിക കണ്ടുകെട്ടൽ നടപടികളിലേക്ക് ഇ.ഡി. കടക്കുമെന്നാണ് വിവരം.
ആദ്യ ഘട്ട റെയ്ഡ് ഇതിനകം പൂർത്തിയായി. സ്പോൺസർഷിപ്പ് ക്രമക്കേട് വൻതോതിൽ ശബരിമലയിൽ നടന്നിട്ടുണ്ടെന്നാണ് റെയ്ഡിൽ ഇ.ഡി.യ്ക്ക് വ്യക്തമായത്. ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർ കോർഡിനേറ്ററായി പ്രവർത്തിച്ചു. പലരേയും കൊണ്ടു വരികയും സംഭാവന സ്വീകരിക്കുകയും ചില ജോലികൾ ചെയ്യിക്കുകയും ഇതിൽ നിന്നടക്കം ഇവർ സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്തു എന്നാണ് ഇ.ഡി. നിഗമനം.
കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. ശബരിമലയിൽ എത്തിയ ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി സാമ്പത്തികമായി വൻതോതിൽ ധനസമ്പാദനം നടത്തിയതെന്ന് ഇ.ഡി. യ്ക്ക് ബോധ്യമായിട്ടുണ്ട്. ഇത് കള്ളപ്പണത്തിന്റെ കീഴിൽ വരുമെന്നാണ് ഇ.ഡി. പറയുന്നത്.
