ശബരിമല സ്വർണക്കൊള്ള: നിർണായക നീക്കവുമായി ഇ.ഡി, മുഴുവൻ പ്രതികളുടെയും വീടുകളിൽ റെയ്ഡ്, 21 ഇടത്ത് പരിശോധന

Share our post

കൊച്ചി∙ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി ഇ.ഡി. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമായി റെയ്ഡ് ആരംഭിച്ചു. 21 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇഡി റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കേസിലെ പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, എ. പത്മകുമാര്‍, എൻ. വാസു, മുരാരി ബാബു തുടങ്ങിയവരുടെ വീടുകളിലും ഗോവര്‍ധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ വീടുകളിലും ഓഫിസുകളിലുമായാണ് ഇന്ന് രാവിലെ റെയ്ഡ് ആരംഭിച്ചത്. 

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷൻസിന്റെ ഓഫിസിലും സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്‍റെ ബെല്ലാരിയിലെ വീട്ടിലും ഇഡി സംഘം റെയ്ഡ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. മുരാരി ബാബുവിന്‍റെ കോട്ടയത്തെ വീട്ടിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും എൻ. വാസുവിന്‍റെ പേട്ടയിലെ വീട്ടിലും എ. പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിലുമായാണ് ഒരേസമയം ഇ‍ഡി റെയ്ഡ് നടക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് ഇഡിയും പരിശോധിക്കുന്നത്. 

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ ആക്ട്) സംഭവത്തിൽ ഇഡി കേസ് റജിസ്റ്റർ ചെയ്തിരുന്നു. എസ്ഐടി പ്രതിചേർത്ത തന്ത്രി കണ്ഠര് രാജീവരടക്കം മുഴുവൻ പേരെയും പ്രതി ചേർത്താണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ഒന്നാംപ്രതിയായ കേസിൽ പതിനഞ്ചിലേറെ പേരാണ് പ്രതിപട്ടികയിലുള്ളത്. എസ്ഐടി അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ഇഡിയുടെ ഇന്‍റലിജൻസ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. സ്വർണക്കൊള്ളയിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!