മുണ്ടക്കൈ ദുരന്തബാധിതരെ ചേർത്ത് പിടിച്ച് സർക്കാർ: ജീവനോപാധി തുടരും; ഉത്തരവിറക്കി

Share our post

തിരുവനന്തപുരം: മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിത കുടുംബങ്ങളെ ചേർത്ത് പിടിച്ച് സർക്കാർ. സ്വന്തം വീടുകളിലേക്ക്‌ മടങ്ങുംവരെ വയനാട്‌ മുണ്ടക്കൈ ദുരന്തത്തിന്‌ ഇരയായവരുടെ ജീവനോപാധി തുടരാൻ സർക്കാർ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേർക്ക് ദിവസവും 300 രൂപ വീതം മാസം 9000 രൂപയാണ് നൽകുന്നത്. ധനസഹായം ജൂൺ വരെയോ വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവിൽ പറയുന്നു.

ഡിസംബർവരെ 656 കുടുംബത്തിലെ 1185 ആളുകൾക്ക്‌ 9000 രൂപവീതം ജീവനോപാധി നൽകിയിരുന്നു. കിടപ്പുരോഗികളുള്ള കുടുംബത്തിലാണെങ്കിൽ മ‍‍ൂന്നുപേർക്കാണ്‌ സഹായം ലഭിക്കുക. ദുരന്തനിവാരണ നിയമപ്രകാരം മൂന്നുമാസത്തേക്കാണ് ജീവനോപാധി നൽകേണ്ടത്‌. ദുരന്തബാധിതരോടുള്ള കരുതലിൽ സംസ്ഥാന സർക്കാർ പ്രത്യേക തീരുമാനമെടുത്ത്‌ ഒമ്പതുമാസം കൂടി നീട്ടുകയായിരുന്നു. ഇതാണ് വീണ്ടും ആറു മാസത്തേക്ക് കൂടി നീട്ടിയത്.

ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള എട്ട്‌ ലക്ഷം രൂപ നഷ്ടപരിഹാരം, പരിക്കേറ്റവർക്കും കിടപ്പുരോഗികൾക്കുമുള്ള ചികിത്സാസഹായം, മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള തുക, അടിയന്തര സഹായം, വീട്ടുവാടക, ട‍ൗൺഷിപ്പിൽ വീട്‌ വേണ്ടെന്ന്‌ അറിയിച്ചവർക്ക്‌ 15 ലക്ഷംരൂപ എന്നിവയും നൽകിയതിന്‌ പുറമെയാണ്‌ ജീവനോപാധിയും സര്‍ക്കാര്‍ ഉറപ്പാക്കിയത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!