മാനന്തവാടിയിൽ ബസ്‌സ്റ്റാൻഡ് മാറും ബസ് ബേ വരും

Share our post

മാനന്തവാടി : മാനന്തവാടിയിൽ നിലവിലുള്ള ബസ് സ്റ്റാൻഡും അനുബന്ധകെട്ടിടങ്ങളും പൊളിച്ചുമാറ്റി ബസ് ബേ നിർമിക്കാൻ തീരുമാനം. ഇതുസംബന്ധിച്ചുള്ള വിശദമായ പദ്ധതിരേഖയ്ക്ക് (ഡിപിആർ) നഗരസഭാകൗൺസിൽ യോഗം അംഗീകാരംനൽകി. ബസ് ബേ നിർമിക്കുന്നതിന് തിരുവനന്തപുരം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് നൽകിയ ക്വട്ടേഷനാണ് സ്വീകരിച്ചത്. ഇവർ സമർപ്പിച്ച ഡിപിആറാണ് നഗരസഭാ ഭരണസമിതി അംഗീകരിച്ചത്.

ബസ് ബേയിൽ ഒരേസമയം ആറുബസ്‌ നിർത്തിയിടാനുള്ള സൗകര്യമുണ്ടാവും. ഇപ്പോഴത്തെപ്പോലെ സ്റ്റാൻഡിൽ ബസുകൾ ഏറെസമയം നിർത്തിയിടുന്ന സംവിധാനമുണ്ടാവില്ല. പ്രവൃത്തിനടക്കുമ്പോൾ താഴെയങ്ങാടിയിലും സമീപപ്രദേശങ്ങളിലും ബസുകൾ നിർത്തിയിടാനുള്ള സൗകര്യമൊരുക്കും.

15 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. സ്വകാര്യവാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യവും ബസ് ബേയുടെ ഭാഗമായി ഒരുക്കും. യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളുമുണ്ടാകും. കേരള റൂറൽ അർബൻ ഡിവലപ്‌മെന്റ്‌ കോർപ്പറേഷനിൽനിന്ന് വായ്പയെടുത്താണ് പ്രവൃത്തിക്കുള്ള തുക കണ്ടെത്തുന്നത്. കെട്ടിടനിർമാണത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

1977-ൽ നിർമിച്ചതാണ് നിലവിലുള്ള നഗരസഭാ ബസ്‌സ്റ്റാൻഡും അനുബന്ധ കെട്ടിടങ്ങളും. യഥാസമയം അറ്റകുറ്റപ്പണി എടുക്കാത്തതിനെത്തുടർന്ന് സീലിങ് അടർന്നുവീണ സംഭവംവരെയുണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണികൾനടത്തി ബലപ്പെടുത്താനുള്ള ക്ഷമത കെട്ടിടത്തിനില്ലെന്ന് നഗരസഭാ അസി എൻജിനിയർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള ബസ് സ്റ്റാൻഡ് പൊളിച്ചുപണിയാൻ തീരുമാനിച്ചത്. ഒരുവർഷംമുൻപേ ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുതന്നെ പ്രവൃത്തി തുടങ്ങാനുള്ള ശ്രമവുമായി മുന്നോട്ടുപോയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ നിർത്തിവെക്കേണ്ടിവന്നു. സംസ്ഥാനസർക്കാരിൽനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് പഴയ കെട്ടിടം പൊളിച്ചുമാറ്റും. ആറുമാസത്തിനകം പ്രവൃത്തി പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

താഴെയങ്ങാടിയിൽ ബസ്‌സ്റ്റാൻഡിന് സാധ്യത

താഴെയങ്ങാടിയിൽ സൗകര്യമുള്ള പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.മാനന്തവാടിയുടെ വികസനത്തിന്‌ വിശാലമായ ബസ്‌സ്റ്റാൻഡ് നിർമിക്കാൻ സ്ഥലം നൽകാൻ മാനന്തവാടി രൂപത നേരത്തേതന്നെ തീരുമാനിച്ചിരുന്നു. താഴെയങ്ങാടിയിൽ പുതിയ ബസ്‌സ്റ്റാൻഡും വരുന്നതോടെ മാനന്തവാടി നഗരത്തിലെ കുരുക്കിനും പരിഹാരമാവും.

കെഎസ്ആർടിസിയുടെ ബസ് സ്റ്റാൻഡും താഴെയങ്ങാടിയിലായതിനാൽ യാത്രക്കാർക്കും ഇത് ഗുണംചെയ്യും. താഴെയങ്ങാടിയിൽ ബസ് സ്റ്റാൻഡ് നിർമിക്കാൻ ഭൂമി തരംമാറ്റൽ പ്രക്രിയകൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങൾക്കായി സബ് കളക്ടറുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ട്.

സമയബന്ധിതമായി പൂർത്തിയാക്കും

നിലവിൽ ബസുകൾ നിർത്തിയിടുന്നിടത്ത് മൂന്നുനിലക്കെട്ടിടമാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. ഇതിൽ 43 കടമുറികളുണ്ടാവും. ഇതിന്റെ പ്രവൃത്തി പൂർത്തിയാവുന്ന മുറയ്ക്ക് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ബസുകൾക്ക് കയറിയിറങ്ങാനുള്ള ബസ് ബേ നിർമിക്കും. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!