കൂത്തുപറമ്പിൽ ബോംബുകൾ പിടികൂടി

Share our post

കൂത്തുപറമ്പ്/പെരളശ്ശേരി : ജില്ലയിൽ രണ്ടിടത്ത് ജനങ്ങൾ ബോംബ് ഭീതിയിലായി. കരേറ്റ പതിമൂന്നാംമൈൽ ചോതാരയിൽ ആളൊഴിഞ്ഞ പറമ്പിൽ കുറ്റിക്കാട്ടിൽ മൺപൊത്തിനുള്ളിൽ സൂക്ഷിച്ച കാലപ്പഴക്കം ചെന്ന ബോംബുകളും ബോംബ് നിർമാണസാമഗ്രികളും കണ്ടെത്തി. പെരളശ്ശേരിയിൽ കാട്‌ വെട്ടുന്നതിനിടെ കണ്ടെത്തിയ നാടൻ ബോംബിനോട്‌ സാദൃശ്യമുള്ള പൊതി നാട്ടുകാരിലും തൊഴിലാളികളിലും പരിഭ്രാന്തി പരത്തി.

പതിമൂന്നാംമൈൽ ചോതാരയിൽ ആളൊഴിഞ്ഞ പറമ്പിൽ കൂത്തുപറമ്പ് പോലീസും ബോംബ്-ഡോഗ് സ്ക്വാഡുകളും ചേർന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. കാലപ്പഴക്കംചെന്ന് ദ്രവിച്ച 10 സ്റ്റീൽ ബോംബുകൾ, ബോംബ് നിർമാണസാഗ്രികളായ 10 കിലോയോളം വെടിമരുന്ന്, അഞ്ച് കിലോഗ്രാം സൾഫർ, ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്‌നറുകൾ, ബോൾ ഐസ്ക്രീം കണ്ടെയ്നറുകൾ എന്നിവയാണ് പിടികൂടിയത്. കുറ്റിക്കാട്ടിൽ മൺപൊത്തിനുള്ളിൽ ബക്കറ്റിലും കന്നാസിലും പാസ്റ്റിക്‌ കവറുകളിലുമായി സൂക്ഷിച്ചുവച്ച നിലയിലായിരുന്നു.

കൂത്തുപറമ്പ് ഇൻസ്പെക്ടർ പി.സി.സഞ്ജയ്‌കുമാറിന്റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് എസ്ഐമാരായ ജിയാസ്, ടി.രമേശൻ, അശോകൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്, ലിനേഷ് എന്നിവർ തിരച്ചിൽ നടത്തി. കണ്ണൂരിൽനിന്ന്‌ ഡോഗ് സ്ക്വാഡിന്റെ ഭാഗമായ ലക്സി എന്ന നായയും തിരച്ചിലിനെത്തിയിരുന്നു. കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് മാറ്റി.

ചാക്കുനൂൽകൊണ്ട് വരിഞ്ഞുകെട്ടിയ ‘ബോംബ്’

പെരളശ്ശേരി വടക്കുമ്പാട് എൽപിഎസ് സ്കൂളിന് സമീപത്തായി ചാക്കുനൂൽകൊണ്ട് വരിഞ്ഞുകെട്ടിയ നിലയിൽ കാടുവെട്ടുന്ന തൊഴിലാളികളാണ്‌ പൊതി കണ്ടത്. തിങ്കളാഴ്ച രാവിലെ 11-ഓടെയായിരുന്നു സംഭവം. ബോംബാണെന്ന സംശയത്തെത്തുടർന്ന് ചക്കരക്കൽ പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ആശങ്കയൊഴിഞ്ഞത്.

പടക്കത്തിൽ ഉപയോഗിക്കുന്ന കരിമരുന്ന് കടലാസിൽ പൊതിഞ്ഞ് ചാക്കുനൂൽ ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു ഇത്. സ്ഫോടകവസ്തുവല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ പോലീസ് തന്നെ ഇത് കത്തിച്ച്‌ നശിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!