മതസാഹോദര്യത്തിന്റെ പ്രതീകം; പുതുശേരി കാളിക്കുണ്ട് തിരുവപ്പന താലപ്പൊലി ഘോഷയാത്രക്ക് അബൂഖാലിദ് മസ്ജിദിൽ നിന്ന് തുടക്കം
പേരാവൂർ: മതസാഹോദര്യത്തിന്റെ വേറിട്ട കാഴ്ചകൾ കാണണമെങ്കിൽ പേരാവൂർ പുതുശേരിയിൽ വരണം. ഇവിടെ കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന ഉത്സവത്തിന് തുടക്കം കുറിക്കുന്നത് തൊട്ടടുത്ത കൊളവംചാൽ അബൂ ഖാലിദ് മസ്ജിദ് അങ്കണത്തിൽ നിന്നാണ്.
മടപ്പുരയിൽ നിന്ന് ചൊവ്വാഴ്ച സന്ധ്യയോടെ എത്തിയ ഹൈന്ദവ വിശ്വാസികളെ മസ്ജിദ് ഭാരവാഹികൾ സ്വീകരിച്ച് മധുരം നല്കി. ഇഷാ ബാങ്ക് വിളിക്കുന്നത് വരെ മടപ്പുരയിൽ നിന്നെത്തിയവർ മസ്ജിദിന് മുന്നിൽ ഒരുക്കിയ വേദിയിൽ ഇരുന്നു. ബാങ്ക് വിളി കഴിഞ്ഞ ഉടനെ ചെണ്ടവാദ്യക്കാർ കൊട്ട് തുടങ്ങി. ഇതോടെ മസ്ജിദ് കവാടത്തിൽ ഒരുക്കിയ വിളക്കിൽ മടപ്പുര രക്ഷാധികാരി മണക്കടവൻ രാഘവൻ ദീപം തെളിച്ചു.. തുടർന്ന് അബൂ ഖാലിദ് മസ്ജിദ് ഖത്തീബ് റാഫിദ് ദാരിമി താലപ്പൊലി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
മടപ്പുര ഭാരവാഹി കെ.എ.രജീഷ് അധ്യക്ഷനായി. പേരാവൂർ മഹല്ല് ജനറൽ സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ്, പഞ്ചായത്തംഗങ്ങളായ കെ.അംബുജാക്ഷൻ, സുരേഷ് ചാലാറത്ത്, മടപ്പുര രക്ഷാധികാരി മണക്കടവൻ രാഘവൻ, അബൂ ഖാലിദ് മസ്ജിദ് കൺവീനർ വി.കെ.റഫീഖ്, യു.വി.റഹീം, അരിപ്പയിൽ മജീദ്, വി.കെ.സാദിഖ് , നാസർ വട്ടൻപുരയിൽ, ഷഫീർ ചെക്ക്യാട്ട് എന്നിവർ സംസാരിച്ചു. ടി.രാജു, സുരേന്ദ്രൻ പാലോറാൻ, മനീഷ് പാലോറാൻ, വയലമ്പ്രോൻ ഷിജു എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നല്കി.
