എക്സൈസ് ഓഫിസിലേക്ക് ഇഴഞ്ഞെത്തി മൂർഖൻ പാമ്പ്; കാണാൻ നാട്ടുകാരും
ശാസ്താംകോട്ട ∙ എക്സൈസ് കുന്നത്തൂർ സർക്കിൾ ഓഫിസിൽ മൂർഖൻ കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പുറത്ത് നിന്നും മൂർഖൻ പാമ്പ് ഇഴഞ്ഞ് എത്തി ഓഫിസിലേക്ക് കയറുന്നത് പാറാവ് നിന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. പാമ്പിന്റെ നീക്കം തടഞ്ഞെങ്കിലും ഇത് ഇഴഞ്ഞ് മതിലിന്റെ ദ്വാരത്തിൽ കയറി.
ഓഫിസിലെ ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞതോടെ സ്ത്രീകൾ അടക്കമുള്ള സേനാംഗങ്ങൾ പുറത്തേക്ക് ഓടിയെത്തി. പാമ്പിനെ കാണാൻ നാട്ടുകാരും കൂടി. വനം വകുപ്പിന്റെ പരിശീലനം നേടിയ സ്നേക്ക് ക്യാച്ചർ, തേവലക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ സ്വദേശി കുട്ടപ്പായിയെ എത്തിച്ച് മൂർഖനെ പിടികൂടി പ്ലാസ്റ്റിക് കുപ്പിയിലേക്ക് മാറ്റിയതോടെയാണ് ഉദ്യോഗസ്ഥരുടെ ആശങ്ക ഒഴിഞ്ഞത്. പുറത്തെ കാട് നിറഞ്ഞ പരിസരങ്ങളിൽ നിന്നാണ് പാമ്പ് എത്തിയത്. മുൻപും ഓഫിസ് പരിസരങ്ങളിൽ പാമ്പിനെ കണ്ടിട്ടുണ്ടെങ്കിലും പിടികൂടുന്നത് ആദ്യമാണ്.
