പേരാവൂരിൽ തോക്ക് ചൂണ്ടി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Share our post

പേരാവൂർ: തോക്ക് ചൂണ്ടി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത അഞ്ചംഗ സംഘത്തിൽ പിടിയിലായമുഴക്കുന്ന് ചാക്കാടിലെ ചെമ്പോത്ത് ഷുഹൈബിന്റെ(30) അറസ്റ്റ് പേരാവൂർ പോലീസ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതികൾക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പേരാവൂരിൽ നടന്നത് അതിമോഹങ്ങൾക്കേറ്റ തിരിച്ചടി

സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പണത്തേക്കാൾ കൂടുതൽ പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ വലയിൽ പേരാവൂരിൽ നിന്നും ഒരു ‘നിർ’ഭാഗ്യവാൻ. ഒരു കോടി രൂപ സമ്മാനം ലഭിച്ചാൽ നിയമാനുസൃതം ലഭിക്കുന്ന 63 ലക്ഷം രൂപയേക്കാൾ കൂടുതൽ പണം മോഹിച്ച് ടിക്കറ്റ് മറിച്ചു വില്ക്കാൻ തയ്യാറായ പേരാവൂർ സ്വദേശി അക്കരമ്മൽ സാദിഖിനാണ് കക്ഷത്തിലുള്ളതും പോയി ഉത്തരത്തിലുള്ളത് എടുക്കാനുമായില്ല എന്ന സ്ഥിതി വന്നത്.

2025 ഡിസംബർ 30ന് നറുക്കെടുത്ത കേരള സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം സാദിഖിനായിരുന്നു ലഭിച്ചത്. 12 ടിക്കറ്റുകളടങ്ങുന്ന സെറ്റാണ് പേരാവൂരിലെ കെ.കൃഷ്ണന്റെ ഇരിട്ടി റോഡിലെധനലക്ഷ്മി ലോട്ടറി സ്റ്റാൾ സാദിഖിന് നല്കിയത്. എന്നാൽ,ഒരു കോടി രൂപ ലോട്ടറിയടിച്ചതോടെ സാദിഖിനെ മോഹവലയത്തിൽ കുടുക്കാൻ വിവിധ തട്ടിപ്പ് സംഘം പേരാവൂരില്വെത്തി.80 ലക്ഷം മുതൽ വിവിധ തുകകൾ ഓഫർ ചെയ്ത് സാദിഖിനെ കെണിയിൽ വീഴ്ത്തി.

ഇത്തരം സംഘങ്ങളിലൊന്നിലാണ് സാദിഖ് പെട്ടത്. ലോട്ടറി തുക സർക്കാരിൽ നിന്ന് ലഭിക്കാൻ മാസങ്ങളെടുക്കുമെന്നും സർക്കാർ നൽകുന്നതിനേക്കാൾ പത്ത് ലക്ഷം രൂപ അധികം നല്കാമെന്നും വാഗ്ദാനം ലഭിച്ചതോടെ തട്ടിപ്പ് സംഘത്തിന്റെ വലയിൽ സാദിഖ് തല വെച്ചുകൊടുത്തു. പേരാവൂരിലെ ഏതാനും ചിലരും സാദിഖിനെ മോഹവലയത്തിലാക്കാൻ കൂട്ടുനിൽക്കുകയും ചെയ്തു.

ഇതേത്തുടർന്നാണ് മുൻപിൻ നോക്കാതെ തട്ടിപ്പ് സംഘത്തിന് ലോട്ടറി കൈമാറാൻ സാദിഖ് തയ്യാറായത്. സമ്മാനാർഹമായ ലോട്ടറി കയ്യിൽ കിട്ടിയ ഉടൻ തട്ടിപ്പ് സംഘം സാദിഖിന്റെ സുഹൃത്തിനെയും കൊണ്ട് രക്ഷപ്പെട്ടെങ്കിലും തട്ടിപ്പ് സംഘാംഗമായ ഒരാളെ തടങ്കലിലാക്കി ചെറുക്കാൻ ശ്രമിച്ച സാദിഖിനെ രക്ഷിക്കാൻ പേരാവൂർ പോലീസിനും കഴിഞ്ഞില്ല. കയ്യിൽ കിട്ടിയ തട്ടിപ്പ് സംഘാംഗമായ ചാക്കാട് സ്വദേശി ഷുഹൈബിനെകാക്കയങ്ങാട് ടൗണിൽ ഇറക്കി വിടുംവരെ കൂടെയുണ്ടായിരുന്ന പേരാവൂർ പോലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് സാദിഖ് പറയുന്നു.

സാദിഖിന്റെ വാഹനത്തിൽ കാക്കയങ്ങാട് ടൗണിൽ ഇറക്കി വിട്ടയുടനെ ബൈക്കുകളിലെത്തിയ സംഘം ഷുഹൈബിനെ കയറ്റികൊണ്ടുപോവുകയായിരുന്നു. ഈ സംഘത്തെ പിടികൂടാൻ പോലീസ് തയ്യാറായിരുന്നുവെങ്കിൽ കവർച്ച ചെയ്യപ്പെട്ട ലോട്ടറി ടിക്കറ്റ് ബുധനാഴ്ച രാത്രി തന്നെ കണ്ടെത്താൻ കഴിയുമായിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ , വ്യാഴാഴ്ച രാവിലെ ഷുഹൈബിനെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മറ്റു നാലുപേരെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിക്കാൻ പേരാവൂർ പോലീസിന് സാധിച്ചിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!