നന്മ നിറഞ്ഞതായിരുന്നു ആ ജീവിതം; ക്രിസ്തീയ ദേവാലയത്തിലെ സേവകനായിരുന്ന നാസർ ഓർമയായി

Share our post

തൊടുപുഴ(ഇടുക്കി): നാസർ മതമൈത്രിയുടെ മനോഹര ഗാനമായിരുന്നു. കഴിഞ്ഞദിവസം അത് അപ്രതീക്ഷിതമായി നിലച്ചു. സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ സേവകൻ ഉണ്ടപ്ലാവ് കിഴക്കുംപറമ്പ് നാസർ (60) അന്തരിച്ചു. എന്നാൽ, ആ ജീവിതം പകർന്ന ഒരുമയുടെ സന്ദേശം മാഞ്ഞുപോകില്ല. അദ്ദേഹം മുഴക്കിയിരുന്ന പള്ളിമണിയുടെ നാദംപോലെ കാലങ്ങളോളം അത് ഉയർന്നുകേൾക്കും.

തൊടുപുഴ സ്വകാര്യ ബസ്‌സ്റ്റാൻഡിന് മുകളിലുള്ള സെയ്ന്റ് മേരീസ് പള്ളിയും അഞ്ചുനേരം നിസ്‌കരിക്കുന്ന ഇസ്‌ലാംമത വിശ്വാസിയായ നാസറും തമ്മിലുള്ള ബന്ധത്തിന് മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. തൊടുപുഴ മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തുമ്പോഴാണ് അത് തുടങ്ങിയത്. മാർക്കറ്റിനുള്ളിൽ ചെറിയൊരു കുരിശുപള്ളിയുണ്ടായിരുന്നു. അത് വൃത്തിയാക്കിക്കൊണ്ടായിരുന്നു തുടക്കം.

ബസ്‌സ്റ്റാൻഡിന് മുകളിലെ പള്ളി പുതുക്കി പണിതപ്പോൾ അതും വൃത്തിയാക്കാൻ തുടങ്ങി. നാസറിന്റെ ജോലിയോടുള്ള ആത്മാർഥതകണ്ട് വികാരിയച്ചനും പള്ളിക്കാരും സന്തോഷത്തോടെ ചെറിയ ചില ജോലികൾ ഏൽപ്പിച്ചു. അഞ്ചുനേരം നിസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്ന നാസർ അധികം വൈകാതെ പള്ളിയിലെ ജീവനക്കാരനായി. പള്ളിക്കും പള്ളിക്കാർക്കും നാസർ അത്രയും പ്രിയപ്പെട്ടവനായി. ശമ്പളവും നൽകി.

പുലർച്ചെ അഞ്ചിന് പള്ളിയിലെത്തി വിളക്ക് കൊളുത്തി പള്ളിമണി അടിക്കും. ഇങ്ങനെയാണ് ഒരുദിവസം തുടങ്ങുന്നത്. പള്ളിയിലെ കൽവിളക്കും ഹാളും സെമിത്തേരിയുമൊക്കെ വൃത്തിയാക്കും. വൈകീട്ട് 6.15-ന് വീണ്ടും പള്ളിമണി അടിക്കും. ഗേറ്റ് പൂട്ടിയാണ് നാസർ മടങ്ങുന്നത്.

ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ നാസർതന്നെയാണ് മെയിൻ. പുൽക്കൂട് ഒരുക്കുന്നതിനും പടക്കം വാങ്ങുന്നതിനുമെല്ലാം മുൻപന്തിയിലുണ്ടാകും. ഏതാനും ദിവസംമുമ്പ് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് പരിസരം വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കുഴഞ്ഞ് വീണാണ് നാസർ ആശുപത്രിയിലായത്. ചൊവ്വാഴ്ച രാത്രി ഹൃദയാഘാതം ഉണ്ടായാണ് മരിച്ചത്. ആശുപത്രി ചെലവുകളെല്ലാം വഹിച്ചത് പള്ളി അധികൃതരാണ്.

ഇടവക വികാരി ഫാ. അബി ഉലഹന്നാൻ, ട്രസ്റ്റി ജോയി കൊറ്റംകോട്ടിൽ, സെക്രട്ടറി കെ.എ.അബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശ്വാസികൾ നാസറിന്റെ വീട്ടിലേക്കും കബറടക്കം നടന്ന കാരിക്കോട് പള്ളിയിലെ കബറിസ്ഥാനിലേക്കും ഒഴുകിയെത്തി. പള്ളിയുടെ കൊടിമരത്തിന് മുന്നിൽ നാസറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ബോർഡ് വെച്ചിട്ടുണ്ട്. ഷാഹിനയാണ് നാസറിന്റെ ഭാര്യ. ബീമ, ബാദുഷ, ബാസിം എന്നിവർ മക്കളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!