ക്ലാസിൽ പറഞ്ഞത് പൂർണമായി കുറിച്ചെടുത്തില്ല’; വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായ മർദിച്ചു
മയ്യനാട്: ക്ലാസിൽ പറഞ്ഞത് പൂർണമായി കുറിച്ചെടുക്കാത്തതിന് 11–ാം ക്ലാസ് വിദ്യാർഥിയെ ട്യൂട്ടോറിയൽ അധ്യാപകൻ മാരകമായി മർദിച്ചു. മയ്യനാട് സ്വദേശികളായ രതീഷ് കുമാറിന്റെയും സൗമ്യയുടെയും മകനും വെള്ളമണൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിയുമായ സൗരഭിനാണ് ചൂരൽകൊണ്ട് മർദനമേറ്റത്. മേവറം വിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാന അധ്യാപകൻ തൗഫീഖാണ് വിദ്യാർഥിയെ മർദിച്ചത്.
സ്കൂളിലെ എൻഎസ്എസ് ക്യാമ്പ് കഴിഞ്ഞുവന്ന സൗരഭിനു പനി ആയതിനാൽ ട്യൂഷന് പോകാൻ സാധിച്ചിരുന്നില്ല. തുടർന്ന് സ്കൂളിൽ പോകാതെ കുട്ടിയെ രണ്ടുദിവസം മുഴുവൻ ട്യൂഷന് വിട്ടിരുന്നു. ഇതിനിടെയാണ് പൂർണമായി കുറിച്ചെടുത്തില്ല എന്നുപറഞ്ഞു വിദ്യാർഥിയെ മർദിച്ചത്. കൈക്ക് പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. രക്ഷിതാക്കൾ ചൈൽഡ് ലൈൻ, ഇരവിപുരം പൊലീസ് എന്നിവർക്ക് പരാതി നൽകി.
