രജിസ്റ്ററിൽ രാഹുൽ ബി ആർ; ഹോട്ടലിൽവന്നത് സമ്മതിച്ചു; വടകരയിലും പാലക്കാട്ടും പരിശോധന നടത്തിയേക്കും

Share our post

തിരുവല്ല: മൂന്നാമത്തെ ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി പ്രത്യേക അന്വേഷകസംഘം തെളിവെടുപ്പ് തുടരുന്നു. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ പ്രകാരം തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ മാങ്കൂട്ടത്തിലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ബുധൻ രാവിലെ ആറ് മണിയോടെ വൻ കനത്ത സുരക്ഷയിലാണ് മാങ്കൂട്ടത്തിലിനെ എത്തിച്ചത്.

408-ാം നമ്പർ മുറിയിലാണ് കോൺ​ഗ്രസ് എംഎൽഎയുമായി പരിശോധന നടത്തിയത്. 2024 ഏപ്രിൽ എട്ടിന് ഈ ഹോട്ടൽമുറിയിൽവെച്ച് മാങ്കൂട്ടത്തിൽ ലൈം​ഗികമായി പീഡിപ്പിച്ചെന്നാണ് അതിജീവിതയുടെ പരാതിയിൽ പരാമർശിച്ചിട്ടുള്ളത്.

ചോദ്യംചെയ്യലിൽ യുവതിയുമായി ഹോട്ടലിൽ വന്ന കാര്യം മാങ്കൂട്ടത്തിൽ സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാൽ പീഡിപ്പിച്ചെന്ന പരാതിയിൽ മറുപടി നൽകിയില്ല. രാഹുൽ ബി ആര്‍ എന്ന പേരിലാണ് മുറിയെടുത്തത്.

എന്നാൽ പിടിച്ചെടുത്ത ഫോണുകളുടെ പാസ്‍വേഡ് നൽകാൻ മാങ്കൂട്ടത്തിൽ തയ്യാറായിട്ടില്ല. ലാപ്ടോപ്പ് എവിടെ എന്നതും വെളിപ്പെടുത്തിയിട്ടില്ല. കോൺ​ഗ്രസ് നേതാവുമായി പാലക്കാട്ടും വടകരയിലും പരിശോധന നടത്തിയേക്കും. ആവശ്യമെങ്കിൽ അടൂരിലെ മാങ്കൂട്ടത്തിലിന്റെ വീട്ടിലും പരിശോധന നടത്തും.

ബലാത്സംഗക്കേസിൽ റിമാൻഡിലായ മാങ്കൂട്ടത്തിലിനെ മൂന്നുദിവസത്തേക്കാണ് എസ്‌ഐടിയുടെ കസ്‌റ്റഡിയിൽ വിട്ടത്. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ 16ലേക്ക്‌ മാറ്റിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!