ശബരിമല സ്വർണ്ണമോഷണം: കണ്ഠര് രാജീവരുടെ അറസ്റ്റിന് അനുമതി
തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ പരമ്പരയിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സംഘം. ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണമോഷണക്കേസിൽ നിലവിൽ റിമാൻഡിലുള്ള തന്ത്രിയെ, ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണം കവർന്ന രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യാൻ കോടതി അനുമതി.
ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കും. ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണപ്പാളികൾക്ക് തിളക്കം കുറഞ്ഞെന്നും അവ മാറ്റണമെന്നും നിർദ്ദേശിച്ചത് തന്ത്രിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ‘അനുജ്ഞാ കലശം’ നടത്തിയതും ഇദ്ദേഹമാണ്.
തുടർന്ന് ഈ പാളികൾ സ്വർണ്ണം പൂശാനെന്ന വ്യാജേന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് വിട്ടുനൽകാൻ തന്ത്രി മൗനാനുവാദം നൽകിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയും തന്ത്രിക്ക് തിരിച്ചടിയായി.
ശ്രീകോവിൽ കട്ടിളപ്പാളി കേസിലെ സമാനമായ ഗൂഢാലോചനയും ഒത്താശയും ഈ കേസിലും നടന്നിട്ടുണ്ട്. ആചാര ലംഘനം നടന്നിട്ടും തന്ത്രി ദേവസ്വം ബോർഡിനെ വിവരം അറിയിച്ചില്ല.
കട്ടിളപ്പാളി കേസിൽ കസ്റ്റഡി കാലാവധിക്ക് ശേഷം തന്ത്രിയെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ ജയിൽവാസം നീളും. നിലവിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കണ്ഠര് രാജീവർ.
