വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ പിഴയടച്ച് രക്ഷപ്പെടൽ ഇനി നടക്കില്ല, വാഹനം പിടിച്ചെടുക്കും
തിരുവനന്തപുരം: ഇൻഷുറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി ശുപാർശ ചെയ്യുന്ന നിയമം വരുന്നു. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നിർദേശിക്കുന്ന തരത്തിൽ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്താനാണ് നീക്കം. ഭേദഗതി വരുത്തിയ പുതിയ നിർദേശങ്ങൾ വൈകാതെ തന്നെ എല്ലാ സംസ്ഥാനങ്ങളിലേയും ഗതാഗത വകുപ്പുമന്ത്രിമാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും കൈമാറും.
ഇന്ത്യയിലെ നിരത്തുകളിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം ഉയരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങൾക്കെതിരേ നടപടി കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ മൊത്തം വാഹനങ്ങളിൽ 56 ശതമാനത്തിന് ഇൻഷുറൻസ് കവറേജ് ഇല്ലാതെയാണ് ഓടുന്നതെന്നും, ഇത് ഏകദേശം 16.5 കോടിയോളം വാഹനങ്ങൾ വരുമെന്നുമാണ് 2025-ൽ സുപ്രീം കോടതി നിരീക്ഷിച്ചത്.
സാധുവായ രജിസ്ട്രേഷൻ, പെർമിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങളും പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കാനാണ് നിലവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുള്ളത്. ഇതേ നിയമമാണ് ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ കാര്യത്തിലും ബാധകമാകുകയെന്നാണ് വിവരം. തേർഡ് പാർട്ടി ഇൻഷുറൻസ് എങ്കിലും ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവരുന്നത്.
ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങളിൽ ഏറെയും ഇരുചക്ര വാഹനങ്ങളാണെന്നാണ് നിരീക്ഷണം. ചെറിയ തോതിലെങ്കിലും മറ്റ് വിഭാഗങ്ങളിലെ വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങാറുണ്ട്. നിലവിലെ നിയമം അനുസരിച്ച് ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ആദ്യ തവണ 2000 രൂപയും വീണ്ടും ഇതേ നിയമലംഘനത്തിന് പിടിക്കപ്പെട്ടാൽ 4000 രൂപ പിഴ ഈടാക്കുകയും കൂടാതെ മൂന്ന് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമായാണ് നിലവിൽ കണക്കാക്കുന്നത്.
