60,000 കടന്ന് ഭൂരിപക്ഷത്തിൽ റെക്കോഡിട്ട് ശൈലജ; 21 വോട്ടിന് കഷ്ടിച്ച് കടന്നുകൂടിയ അസീസ്
മട്ടന്നൂർ : തിരഞ്ഞെടുപ്പിൽ വിജയമാണ് ആത്യന്തികമെങ്കിലും എത്ര ഭൂരിപക്ഷത്തിന് ജയിച്ചു എന്നതൊരു അഭിമാനപ്രശ്‌നമാണ്. കേരള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത് സിപിഎമ്മിന്റെ കെ.കെ. ശൈലജയാണ്. 2021-ലെ തിരഞ്ഞടുപ്പിൽ 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശൈലജ മട്ടന്നൂരിൽനിന്ന് ജയിച്ചുകേറിയത്. ആർഎസ്പിയുടെ ഇല്ലിക്കൽ ആഗസ്തിയും ബിജെപിയുടെ ബിജു ഇലക്കുഴിയുമായിരുന്നു ശൈലജയുടെതിരാളികൾ.
മട്ടന്നൂർ മണ്ഡലത്തിലെ ആകെ സമ്മതിദായകർ: 1,90,139
വോട്ട് രേഖപ്പെടുത്തിയവർ-1,55,134
കെ.കെ. ശൈലജ- 96,129
ഇല്ലിക്കൽ ആഗസ്തി-35,166
ബിജു ഇളക്കുഴി-18,223
ശൈലജയ്ക്കു മുൻപ് ഏറ്റവും ഉയർന്ന ഭൂരിപക്ഷമെന്ന റെക്കോഡ് സിപിഎമ്മിന്റെ എം. ചന്ദ്രനാണ്. 2006-ൽ ആലത്തൂർ മണ്ഡലത്തിൽനിന്ന് 47,671 വോട്ടുകൾക്കായിരുന്നു അദ്ദേഹത്തിന്റെ ജയം. ഡിഐസിയുടെ എ. രാഘവനായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ എതിരാളി. ജി. സൽപ്രകാശ് ആയിരുന്നു ബിജെപി സ്ഥാനാർഥി. എം. ചന്ദ്രന് മുൻപ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത് പി. ജയരാജനായിരുന്നു. 2005-ലെ കൂത്തുപറമ്പ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ 45,377 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയരാജൻ, കോൺഗ്രസിന്റെ കെ. പ്രഭാകരനെ പരാജയപ്പെടുത്തിയത്.
തലനാരിഴയുടെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിവർ
സഭാചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി ജയിച്ചയാൾ ആർഎസ്പിയുടെ എ.എ. അസീസ് ആണ്. 2001-ൽ ഇരവിപുരം മണ്ഡലത്തിൽനിന്ന് 21 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം മുസ്‌ലിം ലീഗിന്റെ ടി.എ. മുഹമ്മദ് കബീറിനെ പരാജയപ്പെടുത്തിയത്. 2021-ൽ പെരിന്തൽമണ്ണയിൽനിന്ന് നജീബ് കാന്തപുരം 38 വോട്ടിനാണ് നിയമസഭയിലേക്ക് ജയിച്ചത്.
ഇത് രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലെ വിജയമാണ്. ഇടതുസ്വതന്ത്രനായിരുന്ന കെ.പി.എം. മുസ്തഫയായിരുന്നു എതിരാളി. ഏറ്റവും കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിയ മൂന്നാമൻ സി. മോയിൻകുട്ടിയാണ്. 1996-ൽ കൊടുവള്ളി മണ്ഡലത്തിൽനിന്ന് 94 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്‌ലിം ലീഗ് പ്രതിനിധിയായി അദ്ദേഹം സഭയിലെത്തിയത്. ജനതാദളിന്റെ സി. മൊഹ്‌സിൻ ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി.
