ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി; ഒരുവർഷം കഴിഞ്ഞിട്ടും കോഴിക്കോട്ടെത്തിയില്ല
തലശ്ശേരി ∙ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു വർഷം ഒന്നു കഴിഞ്ഞെങ്കിലും കോഴിക്കോട്ടേക്കുള്ള ഓട്ടം ഇനിയും തുടങ്ങിയില്ല. ഇപ്പോഴും കണ്ണൂരിൽതന്നെ യാത്ര അവസാനിപ്പിക്കുകയാണ്.
നിരന്തര ആവശ്യം പരിഗണിച്ചാണ് 16511, 16512 ട്രെയിനുകൾക്ക് തലശ്ശേരിയിൽ സ്റ്റോപ് അനുവദിച്ച് കോഴിക്കോടുവരെ നീട്ടിയത്. ട്രെയിൻ യാത്രക്കാർ കടുത്ത ദുരിതം അനുഭവിക്കുമ്പോഴാണ് റെയിൽവേ മന്ത്രാലയം അനുവദിച്ച സർവീസ് തലശ്ശേരിയിലെയും കോഴിക്കോട്ടെയും യാത്രക്കാർക്ക് ലഭിക്കാതെ പോവുന്നത്.
ഈ ട്രെയിൻ സർവീസ് ആരംഭിച്ചാൽ തലശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചും യാത്ര ചെയ്യുന്ന വലിയ വിഭാഗം യാത്രക്കാർക്ക് ഗുണമാകുമായിരുന്നു. യാത്രക്കാരെ ബാധിക്കുന്ന ഗൗരവമുള്ള പ്രശ്നത്തിൽ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടലാണ് ആവശ്യം. എൻഎസ് ഗ്രേഡ് 3 ക്ലാസ് വൺ സ്റ്റേഷനായ തലശ്ശേരി യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻപിലാണ്. എന്നിട്ടും വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പില്ല.
ബെംഗളൂരു–കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് ഉടൻ കോഴിക്കോട്ടേക്ക് ആരംഭിക്കണമെന്ന് തലശ്ശേരി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ശശികുമാർ കല്ലിഡുംബിൽ ഡിവിഷനൽ റെയിൽവേ മാനേജർ മധുകർ റൗട്ടിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
