ശൈത്യകാലത്തെ സൂപ്പര്‍ ഫ്രൂട്ട്; പേരയ്ക്ക തൊലിയോടെ കഴിക്കണോ

Share our post

ഏറെ പോഷകഗുണമുള്ള പഴങ്ങളിൽ ഒന്നാണ് പേരയ്ക്ക. പേരയ്ക്കകൊണ്ടുള്ള ജ്യൂസുകൾ, ജാം, സ്മൂത്തികൾ എന്നിവയെല്ലാം നമ്മൾ കഴിക്കാറുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനത്തിനും ഈ പഴം നല്ലതാണ്. പേരയ്ക്ക ധാരാളമായി ലഭിക്കുന്ന സമയമാണ് ശൈത്യകാലം. അതേസയം പ്രതിരോധശേഷി കുറയുന്നതും ഇക്കാലത്താണ്. അതുകൊണ്ടുതന്നെ തണുപ്പുകാലത്തും പേരയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും.

പഴുത്ത പേരയ്ക്കയും പച്ച പേരക്കയുമെല്ലാം കഴിക്കുന്ന നമ്മളിൽ പലർക്കും അത് എങ്ങനെ കഴിക്കുന്നതാണ് ഉത്തമമെന്നതിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ലെന്നതാണ് സത്യം. തൊലിയോടെയാണോ അതോ തൊലി കളഞ്ഞശേഷമാണോ പേരയ്ക്ക കഴിക്കേണ്ടത്?

തൊലിയോടെ പേരയ്ക്ക കഴിക്കുന്നത് കൂടുതൽ ഗുണങ്ങൾ നൽകുമോ അതോ ആരോഗ്യപരമായ അപകടങ്ങൾ ഉണ്ടാക്കുമോ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാവാം. അടുത്തിടെ ഇക്കാര്യത്തിൽ വിശദീകരണവുമായി ന്യൂട്രിഷനിസ്റ്റ് ദീപിക ജെയിൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നായ പേരയ്ക്ക കഴിക്കുന്ന രീതിയും പ്രധാനമാണെന്ന് അവർ പറയുന്നു. പേരയ്ക്ക തൊലിയോടെ കഴിക്കുന്നത് പൊട്ടാസ്യം, സിങ്ക്, വിറ്റാമിൻ സി പോലുള്ള അധിക സൂക്ഷ്മ പോഷകങ്ങൾ നൽകുന്നു. ഇത് ചർമത്തിന്റെ ഘടനയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും.

ഉയർന്ന കൊളസ്‌ട്രോളോ പ്രമേഹമോ ഉണ്ടെങ്കിൽ, തൊലി ഒഴിവാക്കി കഴിക്കുന്നതാണ് നല്ലത്. പേരയ്ക്ക തൊലിയോടെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊഴുപ്പിന്റെ അളവും വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, ഉയർന്ന രക്തസമ്മർദമോ കൊളസ്‌ട്രോളോ ഉള്ളവർക്ക് തൊലി കളഞ്ഞ പേരയ്ക്ക കഴിക്കുന്നതാണ് ഉത്തമമെന്ന് അവർ വിശദമാക്കുന്നു.

പ്രതിരോധശേഷി നൽകുന്ന വിറ്റാമിൻ-സിയുടെ കലവറ
പേരയ്ക്ക വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ്. ഈ ആന്റിഓക്‌സിഡന്റ് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും അണുബാധകളെ ചെറുക്കാനും ജലദോഷം അകറ്റി നിർത്താനും സഹായിക്കുന്നു. ഒരാൾക്ക് പ്രതിദിനം ആവശ്യമായതിനെക്കാൾ വിറ്റാമിൻ സി ഒരു പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കുന്ന ഫൈബറുകൾ
ഡയറ്ററി ഫൈബറിൽ നിറഞ്ഞിരിക്കുന്ന പേരയ്ക്ക നല്ല ദഹനത്തെ പിന്തുണയ്ക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. തൊലിയില്ലാതെ കഴിക്കുമ്പോൾ പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

ചർമത്തിന്റെ ആരോഗ്യത്തിനായി ആന്റിഓക്‌സിഡന്റുകൾ
പേരയ്ക്കയിൽ ലൈക്കോപീൻ, വിറ്റാമിൻ എ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും പ്രായം തോന്നിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. പതിവായി കഴിക്കുന്നത് ചർമത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും.

ഹൃദയത്തിന്റെ ആരോഗ്യം
പേരയ്ക്കയിലെ പൊട്ടാസ്യവും മഗ്‌നീഷ്യവും ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്താനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പതിവായി പേരയ്ക്ക കഴിക്കുന്നത് രക്തസമ്മർദം ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നതായി ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ഭക്ഷണത്തിൽ പേരയ്ക്ക ഉൾപ്പെടുത്താം

  • മിഡ്-മോണിങ് ലഘുഭക്ഷണമായി പുതിയ പേരയ്ക്ക കഴിക്കാം.
  • സലാഡുകളിൽ പേരയ്ക്ക അരിഞ്ഞു ചേർക്കാം.
  • പോഷകങ്ങൾ നിറഞ്ഞ പാനീയത്തിനായി പേരയ്ക്ക സ്മൂത്തികളിൽ ചേർക്കുക.
  • പേരയ്ക്കയിൽ അല്പം ഉപ്പും മുളകുപൊടിയും വിതറി കഴിക്കാം.
  • മധുര പലഹാരങ്ങളിലോ ജാം പോലുള്ളവയിലോ മധുരത്തിനായി പേരയ്ക്ക പൾപ്പ് ഉപയോഗിക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!