മകരവിളക്കിനൊരുങ്ങി ശബരിമല: മകരജ്യോതി ദർശന ഇടങ്ങളിൽ സുരക്ഷാവേലി ഒരുക്കും; സുരക്ഷ വിലയിരുത്തി കളക്ടർ

Share our post

ശബരിമല: മകരവിളക്ക് ഉത്സവത്തിനും ജ്യോതി ദർശനത്തിനും ശബരിമല ഒരുങ്ങി. സന്നിധാനത്തും പമ്പയിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 35,000 വെർച്വൽ ബുക്കിങ് ഉൾപ്പെടെ ഒരു ലക്ഷത്തിലധികം ഭക്തർ ജ്യോതിദർശത്തിനായി എത്തുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ്‌ കെ. ജയകുമാർ പറഞ്ഞു. ഇവർക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മകരജ്യോതി ദർശിക്കാനായി സന്നിധാനത്ത് ഭക്തർ തിങ്ങിനിൽക്കുന്ന സ്ഥലങ്ങളെ സംബന്ധിച്ച് ദേവസ്വംബോർഡ് പ്രസിഡന്റും വകുപ്പ് അധികാരികളും ഒരുക്കങ്ങൾ വിലയിരുത്തി.

 പാണ്ടിത്താവളത്തും പർണശാലയിലും സൗജന്യ ഭക്ഷണം

മകരവിളക്ക് ഉത്സവത്തിന് എത്തുന്ന തീർഥാടകർക്ക് പാണ്ടിത്താവളത്തും പർണശാലയിലും സൗജന്യഭക്ഷണം വിതരണംചെയ്യുമെന്ന് ദേവസ്വം ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജു പറഞ്ഞു.

13-ന് ഉച്ചയ്ക്കും രാത്രിയും 14-ന് മൂന്നുനേരവും ഭക്ഷണം പാർസലായി എത്തിക്കും. ഇവിടെ ഭക്ഷണം പാകംചെയ്ത് കഴിക്കാൻ അനുവദിക്കില്ല. സന്നിധാനത്ത് തമ്പടിക്കുന്ന എല്ലാഭക്തർക്കും ലഘുഭക്ഷണവും കുടിവെള്ളവും വിതരണംചെയ്യും. മകരവിളക്ക് ദർശനത്തിന് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തത്സമയ ബുക്കിങ് 12-ന് നിർത്തും. 

സന്നിധാനത്തെ മകരജ്യോതി ദർശനസ്ഥലങ്ങൾ

സന്നിധാനത്ത് മകരജ്യോതി ദർശനത്തിന് 15-ഓളം സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരുമുറ്റം, മാളികപ്പുറം, അന്നദാന മണ്ഡപം, പാണ്ടിത്താവളം, ഡോണർ ഹൗസ് മുറ്റം, ഇൻസിനറേറ്റർ, പാണ്ടിത്താവളം, ജലസംഭരണി, ഹോട്ടൽ സമുച്ചയത്തിന്റെ പിറകിലുള്ള മൈതാനം, ദർശനം കോംപ്ലക്‌സ്, ബിഎസ്എൻഎൽ ഓഫീസ് പരിസരം, കൊപ്രക്കളം, ആഴിക്ക് സമീപം, ജ്യോതി നഗർ, ഫോറസ്റ്റ് ഓഫീസ് പരിസരം, ജല അതോറിറ്റി ഓഫീസ് പരിസരം എന്നിവിടങ്ങളിൽ മകരജ്യോതി ദർശിക്കാം. പമ്പയിൽ ഹിൽടോപ്പ് പരിസരത്തും ജ്യോതി കാണാൻ സാധിക്കും. 

അയ്യപ്പൻമാർ ശ്രദ്ധിക്കാൻ

*മകരവിളക്ക് കാണാൻ കെട്ടിടത്തിന് മുകളിൽ കയറാൻ ഭക്തരെ അനുവദിക്കില്ല.

*പർണശാലയിൽ തങ്ങുന്നവർക്ക് പാചകംചെയ്യാനുള്ള അനുവാദമുണ്ടായിരിക്കില്ല.

* പോലീസും വനപാലകരും നൽകുന്ന നിർദേശങ്ങൾ പാലിക്കണം

*ദർശനംകഴിഞ്ഞ് ഭക്തർ തിരക്കുകൂട്ടി മലയിറങ്ങരുത്. 

മകരജ്യോതി ദർശന ഇടങ്ങളിൽ സുരക്ഷാവേലി ഒരുക്കും 

പത്തനംതിട്ട: മകരജ്യോതി ദർശന ഇടങ്ങളിലെ സുരക്ഷ ജില്ല കളക്ടർ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിൽ വിലയിരുത്തി. ളാഹ വനംവകുപ്പ് ഓഫീസ് പരിസരത്തുള്ള തിരുവാഭരണഘോഷയാത്ര ഇടത്താവളവും കളക്ടർ സന്ദർശിച്ചു.

മകരജ്യോതി ദർശന ഇടങ്ങളായ പഞ്ഞിപ്പാറ, ഇലവുങ്കൽ, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് ഉന്നതി, അട്ടത്തോട് എന്നിവിടങ്ങളിലെ സുരക്ഷ പരിശോധിച്ചു. പഞ്ഞിപ്പാറയിൽ സുരക്ഷാവേലി ഉൾപ്പെടെയുള്ള നിർമാണം പുരോഗമിക്കുന്നു. ഇവിടെ ഭക്തർക്കായി അന്നദാനം ഒരുക്കും. ആരോഗ്യവകുപ്പിന്റെ കീഴിൽ ആംബുലൻസ് സൗകര്യം ദർശന ഇടങ്ങളിൽ ഉറപ്പാക്കും.

സീതത്തോട് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്തർക്ക് വിരിവയ്ക്കാനും ശൗചാലയത്തിനുമുള്ളസൗകര്യങ്ങൾ പഞ്ഞിപ്പാറയിൽ തയ്യാറായി. ദർശന ഇടങ്ങളിലെല്ലാം കുടിവെള്ളം ഉറപ്പാക്കും. ഇലവുങ്കൽ, അട്ടത്തോട്, നെല്ലിമല ദർശന ഇടങ്ങളിൽ സുരക്ഷാവേലി സ്ഥാപിക്കാൻ നിർദേശിച്ചു. നെല്ലിമലയിൽ അടക്കം അഗ്‌നിരക്ഷാസേനയുടെ സേവനം ലഭ്യമാക്കും.

പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ദർശന ഇടങ്ങളിൽ നിയോഗിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ശബരിമല എഡിഎം അരുൺ എസ്. നായർ, ജില്ല പോലീസ് മേധാവി ആർ. ആനന്ദ്, റാന്നി ഡിഎഫ്ഒ എൻ. രാജേഷ് കുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!