ഫെബ്രുവരിയിൽ ലൈഫ് മിഷൻ സ്വപ്നനേട്ടം കൈവരിക്കും; ’30 സെക്കന്റിൽ 300 വീടുണ്ടാക്കിയ കണക്കല്ല’
തൃശൂര്‍: വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന ഇടതുപക്ഷസർക്കാർ വിഭാവനം ചെയ്ത ലൈഫ് ഭവന പദ്ധതി സ്വപ്നനേട്ടം കൈവരിക്കാനൊരുങ്ങുന്നു. വരുന്ന ഫെബ്രുവരിയിൽ ലൈഫ് പദ്ധതിയിൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിക്കുമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് അറിയിച്ചു. ആ ചരിത്രനേട്ടം വിപുലമായി ആഘോഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി യുഡിഎഫ് നിർമിച്ചുനൽകുന്നവീടുകളെക്കുറിച്ച് സംസാരിക്കുമ്പോൾ കണക്കെല്ലാം ക്ലിയർ ആണെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞത്. 30 സെക്കന്റ് കൊണ്ട് അദ്ദേഹം 300 വീടുണ്ടാക്കി. അതുപോലുള്ള കണക്കല്ല ലൈഫ് മിഷന്റേത്.- മന്ത്രി പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയ്ക്ക് നിതി ആയോഗിന്റെ അംഗീകാരം കഴിഞ്ഞദിവസം ലഭിച്ചിരുന്നു. ഭവനനിർമാണ പദ്ധതികളിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസുകളിൽ ഒന്നായി ലൈഫ് പദ്ധതിയെ തെരഞ്ഞെടുത്തു. ലൈഫ് പദ്ധതിയിൽ ഇതുവരെ 6,00,547 വീടുകൾ നിർമിക്കാനാണ് അനുവദിച്ചത്. അതിൽ 4,76,076 വീടുകൾ പൂർത്തിയാക്കി. 1,24,471 വീടുകളുടെ നിർമാണം നടക്കുകയാണ്. ഭവനനിർമാണത്തിന് ഇന്ത്യയിൽ ഏറ്റവും ഉയർന്ന തുക ലൈഫ് പദ്ധതിയാണ് നൽകുന്നത്. ഒരു വീടിന് നാല് ലക്ഷം രൂപ വീതമാണ് ഗുണഭോക്‌താക്കൾക്ക് സംസ്ഥാന സർക്കാർ നൽകുനന്ത്. പട്ടികവർഗ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപയും. ഈ ലൈഫ് മിഷനാണ് അധികാരത്തിലെത്തിയാൽ പൂട്ടും എന്ന് യുഡിഎഫ് പ്രഖ്യാപിച്ചത്. ഇനിയും യുഡിഎഫിന് അങ്ങനെ പറയാനുള്ള ധൈര്യമുണ്ടോ എന്നും മന്ത്രി ചോദിച്ചു.
