തീവണ്ടിയിലെയും റെയിൽവേ സ്റ്റേഷനിലെയും ഭക്ഷണവിതരണം: ശുചിത്വം ഉറപ്പാക്കാൻ സിസിടിവി സജ്ജീകരിക്കും

Share our post

കൊല്ലം: തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പുവരുത്താൻ സിസിടിവി സജ്ജീകരിക്കാൻ നിർദേശം. പാചകംചെയ്യാൻ ഉപയോഗിക്കുന്ന സാധനങ്ങൾ, പാചകംചെയ്യുന്ന സ്ഥലം, സാധനങ്ങൾ സംഭരിക്കുന്ന സ്ഥലം, ശുചീകരണപ്രവൃത്തികൾ എന്നിവ റെക്കോഡ് ചെയ്യും.

തീവണ്ടികളിലും സ്റ്റേഷനിലും നൽകുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം, അളവ്, ശുചിത്വം എന്നിവ ഉറപ്പുവരുത്തണമെന്ന എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ആവശ്യത്തിന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

ഭക്ഷണപദാർഥങ്ങളുടെ പരിശോധനകളിൽ കണ്ടെത്തിയ ഗുണനിലവാരത്തിന്‍റെയും ശുചിത്വനിലവാരത്തിലെയും കുറവ് ഐആർസിടിസിയുടെയും ബന്ധപ്പെട്ട ഡിവിഷന്‍റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പരിഹാരം നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

തീവണ്ടികളുടെ സമയക്രമം പാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. അനുവദനീയമായ പരമാവധി വേഗത്തിൽ പോകാൻ ലോക്കോപൈലറ്റുമാർക്ക് നിർദേശം നൽകി. ആര്യങ്കാവ്, ചന്ദനത്തോപ്പ്, ഇടമൺ, ന്യൂ ആര്യങ്കാവ് എന്നീ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടാൻ അനുമതി നൽകിയിട്ടുണ്ട്. ഇടപ്പാളയത്ത് പ്ലാറ്റ്ഫോം ഉയർത്തുന്നതിന് അനുമതി നൽകി.

കിളികൊല്ലൂർ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിന്‍റെയും തെന്മല സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെയും നീളം കൂട്ടുന്ന പ്രവൃത്തിയും ഉടൻ ഏറ്റെടുക്കും. ഒറ്റക്കൽ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്‍റെ ഉയരം കൂട്ടാനും അംഗീകാരം നൽകിയിട്ടുണ്ട്. പുനലൂർ സ്റ്റേഷനിലെ 6.21 കോടി രൂപയുടെ പദ്ധതികൾ മാർച്ചിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇരവിപുരം സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ ഉയർത്തുന്നത് മേയിൽ പൂർത്തീകരിക്കും.

കൊല്ലം സ്റ്റേഷന്‍റെ സമഗ്ര നവീകരണത്തിനുള്ള 361.68 കോടി രൂപയുടെ പദ്ധതി ഡിസംബറിൽ പൂർത്തിയാക്കും. മയ്യനാട്, പരവൂർ സ്റ്റേഷനുകളിലെ സർക്കുലേറ്റിങ് ഏരിയയും അപ്രോച്ച് റോഡും നവീകരിക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!