പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നിട്ടില്ല; നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍നിന്ന് മത്സരിക്കാനൊരുങ്ങി ജോസ് കെ. മാണി

Share our post

പാലാ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് മത്സരിക്കാനൊരുങ്ങി കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. തദ്ദേശതിരഞ്ഞെടുപ്പിൽ പാലായിൽ തിരിച്ചടി നേരിട്ടെങ്കിലും പാർട്ടി വോട്ടുകൾ ചോർന്നിട്ടില്ല എന്നാണ് വിലയിരുത്തൽ. എൽഡിഎഫിൽ തുടരാനാണ് തീരുമാനമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.

‘പാലാ സീറ്റ് മാത്രമല്ല, കേരള കോൺഗ്രസ് (എം) മത്സരിച്ചതും വിജയിച്ചതും അല്ലാത്തതുമായ സീറ്റുകളിലടക്കം ആരൊക്കെ മത്സരിക്കണം എന്നത് പാർട്ടിയുമായി ആലോചിച്ച് മാത്രം എടുക്കേണ്ട തീരുമാനമാണ്, അത് അങ്ങനെതന്നെ ചെയ്യും.’ ജോസ് കെ. മാണി പറഞ്ഞു. അണികളിൽ ഒരു വിഭാഗത്തിന് മുന്നണി വിടണം എന്ന അഭിപ്രായമുണ്ടെങ്കിലും എൽഡിഎഫിൽ തുടരാനാണ് നേതൃത്വത്തിന്റെ തീരുമാനം.

കെ.എം. മാണിയുടെ പിന്മുറക്കാരനായി പാലാ മണ്ഡലത്തിൽനിന്ന ജോസ് കെ. മാണി വിജയിക്കുക എന്നത് പാർട്ടിയുടെ നീണ്ടനാളത്തെ സ്വപ്‌നമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി സി. കാപ്പനോട് പതിനായിരത്തിലധികം വോട്ടുകൾക്കാണ് ജോസ് കെ. മാണി പരാജയപ്പെട്ടത്. എന്നിരുന്നാലും ഇത്തവണയും അദ്ദേഹം തന്നെയായിരിക്കും പാലായിൽ മത്സരിക്കുക എന്നാണ് വിവരം.

കേരള കോൺഗ്രസ് എമ്മിനെ സംബന്ധിച്ചിടത്തോളം പാർട്ടിയുടെ സംഘടനാ സംവിധാനമടക്കം കൂടുതൽ നന്നായി പ്രവർത്തിക്കുന്നത് കടുത്തുരുത്തി മണ്ഡലത്തിലാണ്. അതുകൊണ്ടുതന്നെ ജോസ് കെ. മാണി ഇത്തവണ കടുത്തുരുത്തിയിൽ നിന്ന് മത്സരിക്കണം എന്ന തരത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. എന്നാൽ അത്, പാർട്ടി ചെയർമാൻ തന്നെ തോൽവി ഭയന്ന് മണ്ഡലം വിടുന്നു എന്ന് വ്യാഖ്യാനിക്കപ്പെടും എന്ന തരത്തിലുള്ള വാദങ്ങളും പാർട്ടിക്കുള്ളിൽ ഉയർത്തിയിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!