തദ്ദേശ സ്ഥാപന അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

Share our post

കണ്ണൂർ: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ വരണാധികാരിക്ക് മുൻപാകെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലെയും 11 ബ്ലോക്ക് പഞ്ചായത്തുകളിലെയും എട്ട് നഗരസഭകളിലെയും കണ്ണൂർ കോർപ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.

കണ്ണൂർ ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ പഞ്ചായത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മാട്ടൂൽ ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം എസ് കെ പി സക്കരിയക്ക് വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുൺ കെ വിജയൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് ഡിവിഷന്‍ ക്രമനമ്പര്‍ അനുസരിച്ച് അംഗങ്ങളായ പി.വി ജയശ്രീ ടീച്ചർ കുഞ്ഞിമംഗലം ഡിവിഷൻ, ലേജു ജയദേവൻ കരിവെള്ളൂർ ഡിവിഷൻ, രജനി മോഹൻ മാതമംഗലം ഡിവിഷൻ, ജോജി വർഗീസ് വട്ടോളി നടുവിൽ ഡിവിഷൻ, ജോർജ് ജോസഫ് (ബേബി തോലാനി) പയ്യാവൂർ ഡിവിഷൻ, ബോബി എണച്ചേരിയിൽ പടിയൂർ ഡിവിഷൻ, നവ്യ സുരേഷ് പേരാവൂർ ഡിവിഷൻ, ജയ്സൺ കാരക്കാട്ട് കൊട്ടിയൂർ ഡിവിഷൻ, സിജാ രാജീവൻ കോളയാട് ഡിവിഷൻ, സി.കെ മുഹമ്മദ് അലി കൊളവല്ലൂർ ഡിവിഷൻ, ടി ഷബ്ന പാട്യം ഡിവിഷൻ, പി പ്രസന്ന പന്ന്യന്നൂർ ഡിവിഷൻ, എ.കെ ശോഭ കതിരൂർ ഡിവിഷൻ, കെ അനുശ്രീ പിണറായി ഡിവിഷൻ, അഡ്വ. ബിനോയ് കുര്യൻ പെരളശ്ശേരി ഡിവിഷൻ, ഒ.സി ബിന്ദു അഞ്ചരക്കണ്ടി ഡിവിഷൻ, പി.പി റജി കൂടാളി ഡിവിഷൻ, മോഹനൻ മയ്യിൽ സിവിഷൻ, കോടിപ്പോയിൽ മുസ്തഫ കൊളച്ചേരി ഡിവിഷൻ, കെ.വി ഷക്കീൽ അഴീക്കോട് ഡിവിഷൻ, പി.വി പവിത്രൻ കല്യാശ്ശേരി ഡിവിഷൻ, എം.വി ഷമീമ ചെറുകുന്ന് ഡിവിഷൻ, എ പ്രദീപൻ കുറുമാത്തൂർ ഡിവിഷൻ, പി രവീന്ദ്രൻ പരിയാരം ഡിവിഷൻ എന്നിവർക്ക് എസ് കെ പി സക്കരിയ സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ ഡോ. വി ശിവദാസൻ എം.പി, കെ.വി സുമേഷ് എം എൽ എ, മുൻ മന്ത്രി ഇ.പി. ജയരാജൻ, മുൻ എം പി കെ.കെ. രാഗേഷ്, മുൻ എം എൽ എ എം വി ജയരാജൻ, സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം ഷാജര്‍, മുൻ ഭരണ സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ആദ്യ ഭരണസമിതി യോഗം ചേർന്നു

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളിൽ ചേർന്നു. ആദ്യം പ്രതിജ്ഞ ചെയ്ത എസ് കെ പി സക്കരിയ അധ്യക്ഷനായി. യോഗത്തിൽ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ടൈനി സൂസൺ ജോൺ വായിച്ചു.

ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബർ 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 02.30 നും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മീറ്റിംഗ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!