കമീഷൻ ഉറപ്പ് പാലിച്ചില്ല ; വോട്ടുവെട്ടലിൽ ജനങ്ങൾ പരിഭ്രാന്തിയിൽ

Share our post

തിരുവനന്തപുരം: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് കമീഷൻ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെടുന്നു. വിവരശേഖരണ ഘട്ടത്തിൽ ഫോം സമർപ്പിക്കുന്ന എല്ലാവരെയും കരട് പട്ടികയിൽ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം പാളി. ഫോം കൃത്യമായി പൂരിപ്പിച്ച്‌ നൽകിയവരെ ‘കണ്ടെത്താനായില്ല’ എന്ന കാരണംവരെ പറഞ്ഞ്‌ ഒഴിവാക്കിയിട്ടുണ്ട്‌. ബിഎൽഒ നൽകിയ നിർദേശപ്രകാരം വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുകയും ഇതിന്റെ തെളിവായിട്ടുള്ള ഫോം കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നിട്ടും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിൽ ഇടംപിടിച്ചത് എന്താണെന്ന ചോദ്യമാണ്‌ ഉയരുന്നത്‌. സംസ്ഥാനത്തുടനീളം 24 ലക്ഷംപേർക്ക് വോട്ടവകാശം നഷ്ടപ്പെട്ട സാഹചര്യത്തിൽ, പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണ്. കൃത്യമായ പരിശീലനം ലഭിക്കാത്ത ബിഎൽഒമാരുടെ നടപടി അപകടത്തിലാക്കുമെന്ന്‌ ബിജെപി ഒഴികെയുള്ള പാർടികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഫീൽഡ് തലത്തിൽ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല. നാട്ടിലില്ലാത്തവരുടെ ഫോം കുടുംബാംഗങ്ങളിൽനിന്ന് ഒപ്പിട്ടുവാങ്ങാൻ വ്യവസ്ഥയുണ്ടായിട്ടും ചില ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. പ്രവാസികൾ ഉൾപ്പെടെയുള്ള വോട്ടർമാർ പട്ടികയിൽനിന്ന് പുറത്താകാൻ ഇത്‌ കാരണമായി. വീട്‌ സന്ദർശിക്കുന്നതിന് പകരം പൊതുസ്ഥലങ്ങളിൽ ആളുകളെ വിളിച്ചുകൂട്ടി ഫോം വിതരണംചെയ്ത ബിഎൽഒമാരുമുണ്ട്‌. മൂന്നുതവണ വീടുകളിൽ എത്തണമെന്ന കമീഷന്റെ നിർദേശവും ചിലർ പാലിച്ചില്ല. ഫോം പൂരിപ്പിക്കാൻ ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുമെന്ന്‌ പറഞ്ഞിട്ടും സംവിധാനമൊരുക്കിയില്ല. മതിയായ പരിശീലനത്തിന്റെ കുറവ് പ്രകടമായിരുന്നു.

ഫോം നൽകിയവരെയും വെട്ടി

സംസ്ഥാനത്തെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) യുടെ ആദ്യഘട്ടം പൂർത്തിയായപ്പോൾ വോട്ടർമാർ കൂട്ടത്തോടെ പുറത്ത്‌. പുതുക്കിയ വിവരപ്രകാരം 24 ലക്ഷംപേരാണ് പുറത്തായത്‌. അർഹരായ വോട്ടർമാരെപ്പോലും മാനദണ്ഡം പാലിക്കാതെ നീക്കം ചെയ്‌തതിനെതിരെ സംസ്ഥാനവ്യാപകമായി പരാതി ഉയരുകയാണ്. കൃത്യമായ ഫീൽഡ് തല പരിശോധന നടത്താതെയും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുമാണ് പലയിടങ്ങളിലും നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നാണ് പ്രധാന ആക്ഷേപം. ഇതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്‌. ഒരു വിഭാഗം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടവകാശം നിഷേധിക്കാനാണ് നീക്കം. ബിജെപിക്ക്‌ സ്വാധീനമുള്ള മേഖലകളിൽ ബിഎൽഒമാരെ തെറ്റിദ്ധരിപ്പിച്ചാണ്‌ വോട്ടുവെട്ടുന്നത്‌. താൽകാലികമായി ബന്ധുവീട്ടിൽ താമസിക്കുന്നയാളുകളെ ‘കണ്ടില്ല, തിരിച്ചറിഞ്ഞില്ല’ എന്ന കോളത്തിൽപ്പെടുത്തിയാണ്‌ ഒഴ‍ിവാക്കിയത്‌.

മുതിർന്ന മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ പട്ടികയിൽനിന്ന് പുറത്തായ സംഭവം നടപടിക്രമങ്ങളിലെ സുതാര്യതയില്ലായ്‌മ വെളിപ്പെടുത്തുന്നുണ്ട്‌. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ വോട്ടറായ പി പി അബൂബക്കറും കുടുംബവും ഇതിന് ഉദാഹരണം. 2002 മുതൽ വോട്ടർപ്പട്ടികയിൽ പേരുള്ള ഇദ്ദേഹം, എന്യൂമറേഷൻ വേളയിൽ ബിഎൽഒ നേരിട്ടെത്തി രേഖകൾ ശേഖരിക്കുകയും ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തുകയും ചെയ്‌തതാണ്. ബിഎൽഒ ഒപ്പിട്ട രസീത് കൈവശമുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിൽ ഇദ്ദേഹവും കുടുംബവും ഉൾപ്പെട്ടത് എന്തുകൊണ്ടാണെന്നതിൽ വ്യക്തതയില്ല. സമാനരീതിയിൽ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമായി നാട്ടിലുള്ളവരും കൃത്യമായി വോട്ട് രേഖപ്പെടുത്തുന്നവരുമായ ലക്ഷക്കണക്കിന് ആളുകൾക്ക്‌ വോട്ടവകാശമില്ലാത്ത സ്ഥിതിയാണ്‌.

മരിച്ചവരെയോ താമസം മാറിപ്പോയവരെയോ ഒഴിവാക്കുന്നതിന് പകരം, ചില വാർഡുകളിലും ബൂത്തുകളിലും കേന്ദ്രീകരിച്ച് വോട്ടർമാരെ തെരഞ്ഞുപിടിച്ച് ഒഴിവാക്കുന്ന രീതിയുണ്ടായെന്ന് രാഷ്‌ട്രീയ പ്രവർത്തകർ പരാതിപ്പെടുന്നു. ബിഹാറിലേതുപോലെ‍, നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽനിൽക്കേ കേരളത്തിലും വോട്ടുവെട്ടൽ നടത്തുകയാണോ എന്ന സംശയമുയരുന്നുണ്ട്‌. പട്ടികയിലെ അപാകത പരിഹരിച്ച് അർഹരായ മുഴുവൻ പേർക്കും വോട്ടവകാശം ഉറപ്പാക്കണമെന്നാണ്‌ കേരളത്തിന്റെ പൊതുവികാരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!