യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പാർട്ടിയിൽ നിന്നും രാജിവെച്ചു
കണ്ണൂർ : നേതൃത്വത്തിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് കണ്ണൂർ മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് നേതാവ് സംഘടനയിൽ നിന്നും രാജിവച്ചു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറിയും മലപ്പട്ടം അടുവാപ്പുറം സ്വദേശിയുമായ പി. ആർ.സനീഷാണ് സംഘടനയിൽ നിന്നും രാജിവെച്ചത്. രാജിക്കത്ത് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹന് കൈമാറി. തന്നെ നേതാക്കൾ അടിച്ചമർത്തുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് സനീഷ് സംഘടനയിൽ നിന്നും രാജിവെച്ചത്. പാർട്ടിയിൽ അധികാരം ഉള്ളവർക്ക് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുന്നുള്ളൂവെന്നും, പാർട്ടിയിലെ മുതിർന്ന നേതാക്കൾ തനിക്കെതിരെ അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കുന്നുവെന്നും സനീഷ് രാജിക്കത്തിൽ ആരോപിച്ചു. ഈ കാര്യം തെളിവ് സഹിതം ജില്ലാ കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും കത്തിൽ പറയുന്നു. മലപ്പട്ടം അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്ത സംഭവത്തിൽ നടത്തിയ പ്രതിഷേധമാണ് സനീഷിനെ സംസ്ഥാന തലത്തിൽ ശ്രദ്ധേയനാക്കിയത്. മലപ്പട്ടം സംഭവത്തെ തുടർന്ന് അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ അടുവാപ്പുറത്തുനിന്ന് മലപ്പട്ടത്തേക്കു നടത്തിയ കാൽനട ജാഥ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിനു ശേഷം കെ പി. സി. സി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ നേതൃത്വത്തിൽ ഇവിടെ പ്രതിഷേധ പൊതുയോഗം നടത്തുകയും ഗാന്ധി പ്രതിമ പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തർക്കമാണ് രാജിയിൽ കലാശിച്ചതെന്നാണ് വിവരം.
സനീഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്
ഒന്നും പ്രതീക്ഷിച്ചിട്ടല്ല കേറി വന്നത് ഇറങ്ങുമ്പോൾ ഒന്നും കൊണ്ടു പോകുകയും ഇല്ല, ഒന്നുറപ്പുണ്ട് ഇറങ്ങുക ആണെങ്കിൽ ചേർത്ത് പിടിച്ച ഒരു പാട് പ്രിയപ്പെട്ടവർ ഉണ്ട് അവരോട് ഒന്ന് മാത്രം…………….
“പ്രസ്ഥാനത്തിന് എവിടെയും തലകുനിക്കാൻ അവസരം കൊടുക്കില്ല”
ജീവനാണ് കോൺഗ്രസ് മരിക്കും വരെ ആ കൊടി കീഴിൽ വോട്ടർ ആയി ഉണ്ടാകും.
