കോടിയേരി ബാലകൃഷ്‌ണൻ മാധ്യമപുരസ്‌കാരം കൈരളി ന്യൂസ് ചീഫ് റിപ്പോർട്ടർ സിജു കണ്ണന്
തലശേരി: തലശേരി ടൗൺ സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോടെ തലശേരി പ്രസ് ഫോറവും പത്രാധിപർ ഇ കെ നായനാർ സ്‌മാരക ലൈബ്രറിയും ഏർപ്പെടുത്തിയ നാലാമത് കോടിയേരി ബാലകൃഷ്‌ണൻ ദൃശ്യമാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് കാസർകോട് ബ്യൂറോവിലെ ചീഫ് റിപ്പോർട്ടർ സിജു കണ്ണന്. 10,001രൂപയും പ്രശസ്‌തിപത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. ധർമസ്ഥലയിലെ ദൂരുഹ മരണങ്ങളെ ആസ്‌പദമാക്കിയുള്ള വാർത്താപരന്പരയാണ് പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് സിറാജ് ദിനപത്രത്തിൽ സബ് എഡിറ്റർ ആയാണ് സിജു കണ്ണൻ മാധ്യമപ്രവർത്തനം ആരംഭിച്ചത്. 2011 മുതൽ കൈരളി ടിവിയിൽ. കണ്ണൂർ, കോഴിക്കോട്, പാലക്കാട് ബ്യൂറോകളിലും ജോലിചെയ്‌തു. സംസ്ഥാന കൃഷി വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോ ദൃശ്യമാധ്യമപുരസ്കാരം ഉൾപ്പെടെ വിവിധ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കാസർകോട് ചീമേനി പാംപെരിങ്ങാരയാണ് സ്വദേശം. കെ കുഞ്ഞിക്കണ്ണന്റെയും പി ലക്ഷ്‌മിയുടെയും മകൻ. ഭാര്യ: രേഷ്മ ലക്ഷ്മി (കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരി). മക്കൾ: ഫിദൽ, ഇതൾ. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ്‌കാരായി ചന്ദ്രശേഖരൻ, ബാങ്ക് സെക്രട്ടറി സ്മിത സി കെ, നവാസ് മേത്തർ, അനീഷ് പാതിരിയാട്, പി ദിനേശൻ, എൻ സിറാജുദ്ദീൻ, പാലയാട് രവി, വൈസ് പ്രസിഡന്റ് ബിജു എൻ, ബാങ്ക് ഭരണസമിതി അംഗം വിനോദ് കുമാർ കെ എന്നിവർ പങ്കെടുത്തു.
